കോഴിക്കോട്: വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ അനധികൃതമായി ഫീസ് ഈടാക്കുന്നതായി പരാതി. കേന്ദ്രത്തിന് മുന്നിലെ റോഡരികിൽ നിർത്തുന്ന വാഹനങ്ങൾക്ക് അധികൃതർ ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി ഉയരുന്നത്. വലിയ വാഹനങ്ങൾക്ക് 50, കാറിന് 30, ബൈക്കിന് 10 എന്നിങ്ങനെയാണ് ഫീസ് ഈടാക്കുന്നത്. ഇതിനെതിരെ നാട്ടുകാർ ഡിടിപിസിക്ക് പരാതി നൽകിയിരിക്കുകയാണ്.
ബീച്ചിൽ വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്‌ഥലം നൽകിയിട്ടുണ്ടെങ്കിലും നിലം ഒരുക്കുന്ന പണി കഴിയാത്തതുകൊണ്ട് വാഹനങ്ങൾ പൊതുമരാമത്ത് റോഡിലാണ് നിർത്തുന്നത്. ഇവിടെ നിർത്തുന്ന വാഹനങ്ങൾക്കാണ് ഫീസ് ഈടാക്കുന്നത്. അതേസമയം, റോഡരികിൽ നിർത്തുന്ന വാഹനങ്ങൾ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വരുന്നവരുടേതല്ലെന്നും ആക്ഷേപം ഉണ്ട്. തൊട്ടടുത്ത തീരദേശ സ്‌റ്റേഷനിലും ഫിഷ് ലാൻഡിങ് സെന്ററിലും മൈതാനത്ത് കളിക്കാൻ വരുന്നവരും റോഡരികിലാണ് വാഹനം നിർത്തുന്നത്.
അതേസമയം, വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന അനധികൃത പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് വാർഡ് കൗൺസിലർ പിവി ഹാഷിം ആവശ്യപ്പെട്ടു. പാർക്കിങ്ങിന് അനുവദിച്ച സ്‌ഥലത്ത് ഫീസ് ഈടാക്കുന്നതിന് പകരമാണ് റോഡരികിൽ നിർത്തുന്ന വാഹനങ്ങളിൽ നിന്ന് പണം ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Most Read: ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യം







































