ന്യൂഡെൽഹി: വിവാദമായ പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും അംഗങ്ങളാകും.
വിവിധ രാജ്യങ്ങളിലെ നേതാക്കൾ, സെലിബ്രിറ്റികൾ, കായിക താരങ്ങൾ തുടങ്ങിയവർ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പാൻഡോറ രേഖകളിലൂടെ പുറത്തുവന്നത്. അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാരായ മൂന്നൂറിൽ അധികം പേരുടെ വിവരങ്ങൾ പേപ്പറിൽ ഉണ്ടെന്നാണ് റിപ്പോർട്. ഇന്ത്യയിൽ നിന്നും സച്ചിൻ തെണ്ടുൽക്കർ, അനിൽ അംബാനി, തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി, വിനോദ് അദാനി അടക്കമുള്ളവരാണ് പട്ടികയിലുള്ളത്.
സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലന്റിൽ നിക്ഷേപം നടത്തിയെന്നും വെളിപ്പെടുത്തലുണ്ട്. ദ്വീപിലെ സാസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിയിലെ ഡയറക്ടർമാരാണ് മൂവരും. ഇന്ത്യക്ക് പുറത്തുള്ളവരിൽ ജോർദാൻ രാജാവ്, റഷ്യൻ പ്രസിഡണ്ട് പുടിൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട പ്രമുഖർ.
Read Also: വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ പണിമുടക്കി







































