കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ കെട്ടിടം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പ്രവർത്തന സജ്ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിർദ്ദേശം നൽകി.
ചെന്നൈ ഐഐടി നടത്തിയ പരിശോധനയിലാണ് സമുച്ചയത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയിക്കുന്നത്. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്നും ബസ് സ്റ്റാൻഡ് താൽക്കലികമായി ഇവിടെ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിർമാണ സാമഗ്രികൾ ചേർക്കാതെയാണ് സമുച്ചയം പണിതിരിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബസ് സ്റ്റാൻഡ് താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. എന്നാൽ, അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നതെന്ന് യോഗത്തിൽ വിലയിരുത്തി.
2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിക്കുന്നത്. 76 കോടി രൂപ ചിലവിൽ കെടിഡിസിയാണ് സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സമുച്ചയം പൂർത്തിയായതിന് പിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്. ഇതേ തുടർന്നാണ് വിശദമായ പഠനം നടത്തിയത്. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും.
Most Read: ‘സ്ത്രീധനത്തിന് എതിരെ പൊതുസമൂഹം മുന്നോട്ട് വരണം’; മൂസക്കുട്ടിയുടെ വീട് ഗവർണർ സന്ദർശിച്ചു








































