റാഫിയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ‘റോൾ മോഡൽസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഉദയം ചെയ്‌ത അഭിനേത്രിയാണ് യാമി സോന. ഇന്നിതാ ‘ഉടുമ്പ്’, ‘സ്‌പ്രിംഗ്’ തുടങ്ങിയ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളിലേക്ക് യാമിയിലെ അഭിനേത്രി വളർന്നിരിക്കുന്നു.
മലയാളത്തിലെ പുത്തൻ താരോദയം, യാമി സോന തന്റെ സിനിമാ വിശേഷങ്ങളും സ്വപ്‌നങ്ങളുമെല്ലാം മലബാർ ന്യൂസ് വായനക്കാരുമായി പങ്കുവെക്കുന്നു.
സിനിമയിലേക്ക്
സ്‌കൂള്‍ പഠനകാലം മുതല്‍ സിനിമാമോഹം ഉള്ളിലുണ്ടെങ്കിലും സിനിമയിലേക്കുള്ള വരവ് അപ്രതീക്ഷിതം തന്നെയായിരുന്നു. റാഫി സാര്‍ സംവിധാനം ചെയ്‌ത ‘റോള്‍ മോഡല്‍സി’ലാണ് ആദ്യമായി അഭിനയിക്കുന്നത്. ഞാന്‍ പ്ളസ് വണ്ണില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. ചെറിയ വേഷമായിരുന്നു.
‘നേരത്തെ ചില ഓഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ‘റോള്‍ മോഡല്‍സി’ലേക്ക് എത്തിയതിന് പിന്നില്‍ മറ്റൊരു കഥയാണ് കേട്ടോ’ -യാമിയുടെ അമ്മ രഹന പറഞ്ഞു.
‘റോള്‍ മോഡല്‍സ് സിനിമയുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് സിനിമയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വേഷമുണ്ടെന്നും മോള്‍ അഭിനയിക്കുമോ എന്നും ചോദിച്ചത്. യാമിക്കും അങ്ങനെയൊരു താല്‍പര്യം ഉണ്ടെന്ന് അറിയാമെന്നതിനാല്‍ മറ്റൊന്നും നോക്കിയില്ല. നേരെ സിനിമാ സെറ്റിലേക്ക് ചെന്നു. അങ്ങനെ റാഫി സാര്‍ ഓക്കെ പറഞ്ഞതോടെ യാമിയുടെ ആദ്യ സിനിമ സംഭവിച്ചു,’ രഹന ഓര്‍ത്തെടുത്തു.
റാഫി സാറിന്റെ സിനിമയിലൂടെ ഒരു എന്‍ട്രി ലഭിച്ചത് ഭാഗ്യമായാണ് കാണുന്നതെന്ന് യാമിയും കൂട്ടിച്ചേര്‍ത്തു.
യാമിയും സോനയും ഒരാൾതന്നെ!
സോന എന്നാണ് എന്റെ യഥാര്‍ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് സോനയ്‌ക്ക് മുന്നിൽ യാമി കൂടി ചേർത്ത് ‘യാമി സോന’ എന്നാക്കിയത്.
സകുടുംബം യാമി
തൃശൂരാണ് സ്വദേശം. അച്ഛന്‍ സജീവ്, അമ്മ രഹന, ചേച്ചി ഷാര. എനിക്ക് ഒരു ട്വിന്‍ സിസ്‌റ്റര്‍ കൂടിയുണ്ട്. അവളുടെ പേര് സോജ എന്നാണ്. ഇതാണ് എന്റെ കുടുംബം, ഇവരാണ് എന്റെ സപ്പോര്‍ട് സിസ്‌റ്റം.
ആദ്യമൊക്കെ ഷൂട്ടിങ്ങിന് ഇവരെല്ലാം എന്റൊപ്പം ഉണ്ടാവാറുണ്ട്. ഇപ്പോള്‍ അമ്മയാണ് കൂടെ വരാറ്. അതുതന്നെയാണ് എന്റെ ധൈര്യവും. അമ്മയെപ്പോലെ കെയര്‍ നൽകാൻ വേറെ ആര്‍ക്കും പറ്റില്ലല്ലോ, യാമി പറയുന്നു.
എല്ലാവരെയും ഞെട്ടിച്ച ആ പ്രഖ്യാപനം
അമ്മയോടാണ് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ആദ്യം പറഞ്ഞത്. സ്വാഭാവികമായും ഒരു ഞെട്ടലോടെ തന്നെയാണ് അമ്മ അത് കേട്ടത്. കാരണം സ്‌കൂളിലും മറ്റും വളരെ കാം ആയിട്ടുള്ള ഒരു കുട്ടിയായിരുന്നു ഞാന്‍. ചെറിയ ഡാൻസ് മൽസരങ്ങളിലൊക്കെ പങ്കെടുക്കും എന്നതൊഴിച്ചാല്‍ മറ്റ് ആക്റ്റിവിറ്റീസുകളിൽ ഒന്നും പൊതുവെ ഉണ്ടാവാറില്ല. ആളുകളോട് അധികം സംസാരിക്കുകയും ഇല്ല. ഇങ്ങനെയൊക്കെയുള്ള ഞാന്‍ സിനിമയില്‍ അഭിനയിക്കണം എന്നുപറഞ്ഞപ്പോള്‍ അമ്മയ്‌ക്ക് അമ്പരപ്പ് ഉണ്ടായതിനെ തെറ്റുപറയാനും പറ്റില്ല. പക്ഷെ ആ ഞെട്ടലിന് അധികം ആയുസുണ്ടായിരുന്നില്ല കേട്ടോ. സിനിമയിലേക്ക് എത്താനുള്ള എന്റെ യാത്രയ്‌ക്ക് പിന്നീടങ്ങോട്ട് ഊർജം പകർന്നത് കുടുംബം തന്നെയാണ്.
ഷോര്‍ട് ഫിലിമിലേക്ക്
ചെറുപ്പംതൊട്ടേ അധികം മിണ്ടാതെ, ഒതുങ്ങിക്കൂടിയിരുന്ന ഒരു കുട്ടിയായതിനാല്‍ തന്നെ മറ്റുള്ളവര്‍ക്ക് മുന്നിലെ എന്റെ ആ ഇമേജ് പൊളിച്ചെഴുതണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. എല്ലാവരാലും ശ്രദ്ധിക്കപ്പെടണമെന്നും അറിയപ്പെടണമെന്നും എപ്പോഴോ മനസില്‍ കുറിച്ചിട്ടു. അപ്പോഴാണ് മുന്നില്‍ സിനിമ തെളിഞ്ഞുവന്നത്. തിയേറ്ററിലെ ആര്‍പ്പു വിളികള്‍ക്കിടയില്‍ ബിഗ് സ്‌ക്രീനില്‍ എന്റെ മുഖം തെളിഞ്ഞുവരുന്നത് ഒരു സ്വപ്‌നം പോലെ കണ്ണില്‍ നിറഞ്ഞു. ഇനി മുന്നോട്ട് സിനിമ മതിയെന്ന് അങ്ങനെ ഞാൻ അരക്കിട്ട് ഉറപ്പിച്ചു.
എന്നാല്‍ ആഗ്രഹം മാത്രം പോരല്ലോ. അഭിനയിക്കാന്‍ പറ്റുമോ എന്നുകൂടി നോക്കണമല്ലോ. അങ്ങനെയാണ് ഷോര്‍ട് ഫിലിമിലേക്ക് എത്തുന്നത്. അഭിനയിക്കാന്‍ പറ്റുമെന്ന് എനിക്ക് തന്നെ ബോധ്യപ്പെടാന്‍ വേണ്ടിയാണ് ഷോര്‍ട് ഫിലിം ചെയ്‌തത്.
‘യതി’, ‘ഇരകള്‍’ തുടങ്ങിയ ഷോര്‍ട് ഫിലിമുകള്‍ ചെയ്‌തിട്ടുണ്ട്. ഇതില്‍ ‘യതി’യിലെ പ്രകടനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ്, അടൂര്‍ ഭാസി അവാര്‍ഡ് ഒക്കെ ലഭിച്ചു. ഒരു തുടക്കക്കാരി എന്ന നിലയില്‍ ആ അംഗീകാരം എനിക്ക് നല്‍കിയ ആത്‌മവിശ്വാസം ചെറുതല്ല. പിന്നീട് ‘യതി’യുടെ സംവിധായകന്‍ സുനില്‍ സുബ്രഹ്‌മണ്യന്റെ ‘എന്റെ മഴ’ എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചു. എന്റെ അയല്‍വാസി കൂടിയാണ് സുനില്‍ സുബ്രഹ്‌മണ്യന്‍. വളരെ സപ്പോര്‍ട്ടീവ് ആയ മനുഷ്യനാണ് അദ്ദേഹം. നേരത്തെ അറിയാവുന്നത് കൊണ്ടുതന്നെ പേടികൂടാതെ ക്യാമറയെ ഫേസ് ചെയ്യാനും അഭിനയിക്കാനും കഴിഞ്ഞു.
എന്റെ സിനിമകള്‍
റോള്‍ മോഡല്‍സ്, ആദ്യ രാത്രി, ഭൂമിയിലെ മനോഹര സ്വകാര്യം, ആറാട്ട്, ഉടുമ്പ് എന്നീ ചിത്രങ്ങളിലാണ് ഇതുവരെ അഭിനയിച്ചത്.
എന്റെ മഴ, ആറാട്ട്, ഉടുമ്പ് എന്നിവയുടെ ഷൂട്ടിംഗ് കഴിഞ്ഞു. ‘ഉടുമ്പി’ലാണ് ആദ്യമായി ഹീറോയിന്‍ വേഷം ചെയ്‌തത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം പൂജാ അവധിക്ക് റിലീസ് ചെയ്യും. ശ്രീലാൽ നാരായണൻ സംവിധാനം ചെയ്യുന്ന ‘സ്‌പ്രിംഗ്’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിലും നായികാ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അപ്രതീക്ഷിതമായാണ് ഇതുവരെ അവസരങ്ങള്‍ എന്നെ തേടിയെത്തിയിട്ടുള്ളത്. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നു തന്നെയാണ് മിക്കപ്പോഴും അടുത്തതിലേക്കുള്ള വിളി വരാറ്.
ഞാൻ വർക്ക് ചെയ്‌തിട്ടുള്ള സംവിധായകരെല്ലാം അത്രയും മികവുറ്റവരായിരുന്നു എന്നതും ഭാഗ്യമാണ്, സുനില്‍ സുബ്രഹ്‌മണ്യന്‍, ജിബു ജേക്കബ്, ഷൈജു അന്തിക്കാട്, കണ്ണന്‍ താമരക്കുളം, ബി ഉണ്ണികൃഷ്‍ണന്‍ തുടങ്ങി എല്ലാവരും പ്രഗൽഭരായ സംവിധായകരാണ്. ഇവരോടൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യവും അനുഗ്രഹവുമായാണ് കാണുന്നത്.
എന്റെ ഒരു സിനിമയിലെ പ്രകടനം കണ്ടാണ് ബി ഉണ്ണികൃഷ്‌ണൻ സർ ‘ആറാട്ടി’ലേക്ക് വിളിക്കുന്നത്. അതുപോലെ തന്നെ ‘ഉടുമ്പി’ലേക്ക് എന്റെ ഫോട്ടോസ് കണ്ട് ബാദുഷ സർ വിളിക്കുകയായിരുന്നു.
ലാലേട്ടൻ!
സിനിമയില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ സന്തോഷവും അഭിമാനവും നല്‍കിയ കാര്യം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ, നമ്മുടെ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ്. ‘ആറാട്ട്’ എന്ന ചിത്രത്തിലാണ് ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത്.
ലാലേട്ടനെപ്പറ്റി പൊതുവെ എല്ലാവരും പറയാറില്ലേ, വളരെ കെയറിങ് ആണെന്നൊക്കെ. അത് പരിപൂര്‍ണമായും ശരിയാണ്. ഒരു പുതുമുഖം ആയിരുന്നിട്ടു കൂടിയും വളരെയേറെ വിനയപൂർവമാണ് അദ്ദേഹം പെരുമാറിയത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽനിന്നും പഠിക്കാൻ കഴിഞ്ഞു.
സിനിമ കാണാനും ഇഷ്‌ടം
സിനിമകള്‍ കാണാനും ഏറെ ഇഷ്‌ടപ്പെടുന്ന ആളാണ് ഞാന്‍. കൂടുതലും മലയാളം, തമിഴ് ചിത്രങ്ങളാണ് കാണാറ്.
സിനിമയുമായി മുന്നോട്ട്
സിനിമയുമായി മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം. നിലവിൽ ഡിഗ്രി പഠനം പൂർത്തിയാക്കി. സിനിമയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകണം.
നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയണമെന്നാണ് പ്രാർഥന. ആദ്യം തന്നെ നായികയായി അറിയപ്പെടണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല. ചെറിയ ചെറിയ റോളുകള്‍ ചെയ്‌ത് വളര്‍ന്നു വരാനാണ് ശ്രമിക്കുന്നത്.
ഇപ്പോൾ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം ഒത്തിരി ഓഫറുകള്‍ വരുന്നുണ്ട്. നിലവില്‍ മലയാളത്തില്‍ ഫോക്കസ് ചെയ്യണമെന്നാണ്. അതേസമയം തമിഴ് പൊതുവെ എനിക്ക് ഇഷ്‌ടമുള്ള ഭാഷയും ഇൻഡസ്‌ട്രിയുമാണ്. തമിഴില്‍ ചില കഥകള്‍ കേള്‍ക്കുന്നുമുണ്ട്.
ഷൂട്ടിംഗ് വിശേഷങ്ങൾ
‘സ്‌പ്രിംഗ്’ എന്ന ചിത്രത്തിലാണ് നിലവിൽ അഭിനയിക്കുന്നത്. ഇതുകഴിഞ്ഞു നവംബറില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും… അടുത്തത് ഫെബ്രുവരിയില്‍…. തന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ യാമി പങ്കുവെച്ചു.
നിരവധി സിനിമകളും കഥാപാത്രങ്ങളുമാണ് യാമിയെ കാത്തിരിക്കുന്നത്. മലയാളത്തിലൂടെ വളർന്ന്, ഇന്ത്യൻ സിനിമാ ഭൂപടത്തില്‍ തന്റെ സ്‌ഥാനം അടയാളപ്പെടുത്താന്‍ യാമി സോനയ്‌ക്ക് കഴിയട്ടെയെന്ന് നമുക്കും ആശംസിക്കാം.
Most Read: ഗോള്‍ഡൻ സ്വെറ്ററില്‍ തിളങ്ങി ജാക്വിലിന്‍ ഫെർണാണ്ടസ്; വൈറലായി ചിത്രങ്ങൾ