മടക്കിവച്ച പട്ടുസാരിക്ക് മുകളിൽ ആഭരണങ്ങൾ, സിന്ദൂരച്ചെപ്പ്.. ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും എടുത്ത് കഴിക്കാൻ തോന്നുമോ? അതോ ഇവയെല്ലാം ദേഹത്ത് അണിയാനാണോ തോന്നുക? സാധാരണ സാരിയും ആഭരണങ്ങളും നമ്മൾ ദേഹത്ത് അണിയാറാണ് പതിവ്. എന്നാൽ, പുനെയിലെ തന്വി പല്‍ഷിക്കർ ഉണ്ടാക്കിയ പട്ടുസാരിയും ആഭരണങ്ങളും എടുത്ത് കഴിക്കാനാണ് ഏവർക്കും ഇഷ്ടം.
അതെന്താണെന്നല്ലേ, തൻവി ഉണ്ടാക്കുന്നത് പട്ടുനൂലിൽ നെയ്ത സാരികളല്ല, വ്യത്യസ്ത ഫ്ളേവറിലുള്ള ‘സാരി കേക്കു’കളാണ്. പുനെ മാരിയറ്റിലെ ഷെഫാണ് മഹാരാഷ്ട്ര സ്വദേശിനിയായ തന്വി പല്‍ഷിക്കർ. സാരിക്കു മുകളില്‍ ആഭരണങ്ങള്‍ നിരത്തിവച്ചിരിക്കുന്നതു പോലെയുള്ള തൻവിയുടെ കേക്ക് വൈറലാണ്. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനുള്ള ആദരമായാണ് ഇത്തരത്തിലൊരു കേക്ക് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് കിലോഗ്രാം തൂക്കമുണ്ട് ഈ കേക്കിന്. രണ്ട് ദിവസം കൊണ്ടാണ് കേക്ക് തയ്യാറാക്കിയത്. അലങ്കാരത്തിന് വേണ്ടി മാത്രം വിനിയോഗിച്ചത് ഏകദേശം 30 മണിക്കൂറാണ്.
പട്ടുസാരി കേക്ക് മാത്രമല്ല, കേരള സാരിയുടെ മാതൃകയിലുള്ള കേക്കും തന്വി ഉണ്ടാക്കിയിട്ടുണ്ട്. കേക്കിന് മുകളില്‍ പരമ്പരാഗത മാലയും ജിമിക്കി കമ്മലുമൊക്കെ തന്വി ഡിസൈന്‍ ചെയ്തിട്ടുണ്ട്. ചെടിച്ചട്ടി, പണം അടങ്ങിയ ബാഗ് അങ്ങനെ അതിശയിപ്പിക്കുന്ന മറ്റു ഡിസൈനിൽ ഉള്ള കേക്കുകളും തന്‍വിയുടെ കയ്യിലുണ്ട്.
എന്തിനും ഏതിനുമെന്നോണം കേക്ക് മുറിക്കുന്ന ഇന്നത്തെ കാലത്ത് വെറുമൊരു കേക്കിനോട് ആർക്കും വലിയ താൽപര്യമില്ല, രൂപത്തിലും രുചിയിലും വ്യത്യസ്തതയുള്ള കേക്കുകൾ തേടിയാണ് ആളുകളുടെ നടപ്പ്. അതുകൊണ്ട് തന്നെ തൻവിയും അവരുടെ കേക്കും ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.
View this post on Instagram
Most Read: രണ്ടുജോഡി വസ്ത്രവും അംബാസിഡർ കാറും; 17 വർഷമായി ജീവിതം കാടിനുള്ളിൽ





































