ടാർസൻ, മൗഗ്‌ളി തുടങ്ങി കാടിനുള്ളിൽ ജീവിച്ച കഥാപാത്രങ്ങളുടെ കഥ വളരെ ആവേശത്തോടെ വായിച്ചവരാണ് നാം. എന്നാൽ, 2021ൽ കാട്ടുമൃഗങ്ങളോടൊപ്പം കൊടുംകാടിനുള്ളിൽ അങ്ങനൊരു ജീവിതം സാധ്യമാണോ? അതെ എന്ന് ചന്ദ്രശേഖർ പറയും. ഒരു സ്‌മാർട് ഫോൺ പോലുമില്ലാതെ കഴിഞ്ഞ 17 വർഷമായി ഈ 56കാരന്റെ ജീവിതം ഒരു കാടിനുള്ളിലാണ്. വാട്സാപ്, ഫേസ്‌ബുക്ക് എന്താണെന്ന് പോലും അറിയില്ലെന്ന് മാത്രമല്ല കാലം മാറിയത് പോലും ഇദ്ദേഹം അറിഞ്ഞിട്ടില്ല.
കർണാടകയിലെ കന്നട ജില്ലയിൽ അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങൾക്കിടയിലെ ഇടതൂർന്ന വനത്തിലാണ് ചന്ദ്രശേഖറിന്റെ താമസം. നഗരജീവിതത്തിന്റെ എല്ലാ പകിട്ടുകളും വേണ്ടെന്ന് വെച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഈ നാളുകളിൽ ഇദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത് ഒരു പഴയ അംബാസിഡർ കാറും ഒരു റേഡിയോയും മാത്രമാണ് എന്നതാണ് അതിശയം.
കാടിനുള്ളിലൂടെ ചുരുങ്ങിയത് 3- 4 കിലോമീറ്റർ ഉള്ളിലേക്ക് നടന്നാൽ ചന്ദ്രശേഖറിന്റെ താമസസ്‌ഥലത്ത് എത്താം. മുളകളും പ്‌ളാസ്‌റ്റിക് ഷീറ്റുകളും കൊണ്ട് കെട്ടിയ ഒരു കുടിലിലാണ് ഇദ്ദേഹത്തിന്റെ താമസം. ഇതിന് സമീപത്തായി ചന്ദ്രശേഖറിന്റെ പ്രിയപ്പെട്ട അംബാസിഡർ കാറും കാണാം. കാറിന്റെ ബോണറ്റിലാണ് വളരെ പഴയ തുരുമ്പെടുത്ത ഒരു റേഡിയോ സൂക്ഷിച്ചിരിക്കുന്നത്. ഏറെ പഴക്കം ചെന്നെങ്കിലും റേഡിയോ ഇപ്പോഴും ചന്ദ്രശേഖറിനായി പ്രവർത്തിക്കുന്നുണ്ട്.
കാട്ടിലെ ജീവിതം ചന്ദ്രശേഖറിന്റെ രൂപത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാനാകും. മെലിഞ്ഞ ശരീര പ്രകൃതിയാണെങ്കിലും ശക്‌തിയേറിയ കൈകാലുകളും, പകുതി കയറിയ കഷണ്ടിയും, നാളിതു വരെയായിട്ടും ബാർബർ ഷോപ് കണ്ടിട്ടില്ലാത്ത താടിയും മുടിയും. സ്വന്തമെന്ന് പറയാൻ ആകെയുള്ളതാകട്ടെ രണ്ട് ജോഡി വസ്‌ത്രങ്ങളും ഒരു ജോഡി റബ്ബർ ചെരുപ്പും മാത്രമാണ്.
ചന്ദ്രശേഖറിന്റെ കാടിനുള്ളിലെ ജീവിതത്തിന് പിന്നിൽ സിനിമകളിൽ കാണുന്നത് പോലെ ഒരു ഫ്‌ളാഷ്ബാക്ക് കൂടിയുണ്ട്. നെക്രൽ കെമ്രാജെ എന്ന ഗ്രാമത്തിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ച ഒരു കൃഷിക്കാരനായിരുന്നു ചന്ദ്രശേഖർ. ഏകദേശം 1.5 ഏക്കർ ഭൂമിയും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. 2003ൽ അദ്ദേഹം ഒരു സഹകരണ ബാങ്കിൽ നിന്ന് 40,000 രൂപ വായ്‌പ എടുത്തു. ഇതാണ് ചന്ദ്രശേഖറിന്റെ ജീവിതം മാറ്റിമറിച്ചത്.
വായ്‌പ തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ ഭൂമി ലേലം ചെയ്‌തു. ഇതോടെ മാനസികമായി തളർന്നുപോയ ചന്ദ്രശേഖർ തന്റെ സഹോദരിയുടെ കൂടെയായി താമസം. എന്നാൽ, അവിടെയും നേരിടേണ്ടി വന്നത് പ്രശ്‌നങ്ങൾ മാത്രമായിരുന്നു. സഹികെട്ട ചന്ദ്രശേഖർ കാടിനുള്ളിൽ അഭയം തേടാൻ തീരുമാനിക്കുകയായിരുന്നു.
തന്റെ അംബാസിഡർ കാറുമായി കാടിനുള്ളിലേക്ക് പോയ ചന്ദ്രശേഖർ പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയില്ല. നീണ്ട 17 വർഷക്കാലം കാറിനുള്ളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ താമസം. കുളിക്കാൻ അടുത്തുള്ള നദിയിൽ പോകും. കാട്ടിലെ ഉണങ്ങിയ വള്ളികളിൽ നിന്ന് കൊട്ടകൾ നെയ്‌തെടുത്ത് അടുത്തുള്ള ഗ്രാമത്തിലെ കടയിൽ കൊണ്ട് പോയി വിറ്റ് ഉപജീവന മാർഗം കണ്ടെത്തി. അവിടെ നിന്ന് തന്നെ അരി, പഞ്ചസാര മുതലായ പലചരക്ക് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരികയും ചെയ്യും.
Most Read: കർഷകർക്ക് ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ബിജെപി എംപി
യാത്ര ചെയ്യാൻ ഒരു സൈക്കിളും ഇദ്ദേഹത്തിനുണ്ട്. ഒഴിവുസമയങ്ങളിൽ റേഡിയോയിൽ ആകാശവാണി മംഗലാപുരം സ്‌റ്റേഷനും പഴയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളും ആസ്വദിക്കും. എന്നെങ്കിലും തനിക്ക് കൈവിട്ട കൃഷിഭൂമി തിരികെ പിടിക്കാനായി ഭൂമിയുടെ രേഖകളും ഇദ്ദേഹം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അത് മാത്രമാണ് ചന്ദ്രശേഖറിന്റെ ലക്ഷ്യം.
ഏതാനും വർഷങ്ങൾക്ക് മുൻപ് അന്നത്തെ ജില്ലാ കളക്‌ടർ എബി ഇബ്രാഹിം വീട് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തെങ്കിലും ചന്ദ്രശേഖർ അത് തിരസ്‌കരിച്ചു. പുള്ളിപ്പുലികൾ ഉൾപ്പടെയുള്ള കാട്ടുമൃഗങ്ങൾ ചന്ദ്രശേഖറിന്റെ താമസസ്‌ഥലത്തെ സന്ദർശകരാണ്. എങ്കിലും, ഇവിടെ നിന്ന് മാറാൻ ഇദ്ദേഹം തയ്യാറല്ല. ലോക്ക്‌ഡൗൺ കാലത്ത് ഏറെ മോശമായ അവസ്‌ഥയിലായിരുന്നു ചന്ദ്രശേഖർ. വെള്ളവും കാട്ടുപഴങ്ങളും മാത്രം ഭക്ഷിച്ചാണ് ഇദ്ദേഹം ലോക്ക്‌ഡൗൺ ദിനങ്ങൾ തള്ളിനീക്കിയത്. അതേസമയം, ആധാർ കാർഡ് ഇല്ലെങ്കിലും ആറൻതോട് ഗ്രാമപഞ്ചായത്ത് അധികൃതർ ഇദ്ദേഹത്തെ സന്ദർശിക്കുകയും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുകയും ചെയ്‌തിരുന്നു.
Also Read: പുകവലി ശീലമാണോ? കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ