കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന കേസിൽ ചോദ്യം ചെയ്യലിനായി പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി സെക്രട്ടറി പിവി ഹരികുമാർ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരായില്ല. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിനായി ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകാൻ സഹകരണ വകുപ്പിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് സെക്രട്ടറി എത്തിയില്ലെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു സഹകരണ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്.
അതേസമയം, സെക്രട്ടറിക്ക് എതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന അസി.രജിസ്ട്രാർ പ്രദോഷ് കുമാർ വ്യക്‌തമാക്കി. സെക്രട്ടറിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം സഹകരണ വകുപ്പിന് ഉണ്ട്, ചിട്ടി നടത്തിയത് വ്യവസ്‌ഥകൾക്ക് വിരുദ്ധമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപമായി ചിട്ടി വഴി സ്വീകരിച്ച പണം ജീവനക്കാരുടെ ശമ്പളത്തിനായി വകമാറ്റി ചിലവഴിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് ഈ മാസം 15ന് ഉള്ളിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പണം നഷ്‌ടപ്പെട്ട നിക്ഷേപകർ ഇന്ന് മുതൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാര സമരം നടത്തുകയാണ്. ഇന്ന് മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം. അതേസമയം, ഇത് സൂചനാ പ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും നിക്ഷേപകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി പേരാവൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും എത്തി.
Most Read: ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ






































