കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെത് അരുംകൊലയെന്ന് അന്വേഷണ സംഘം. ഇല്ലാത്ത കാമുകന്റെ പേര് പറഞ്ഞ് ഉമ്മുകുൽസുവിനെ ഭർത്താവ് താജുദ്ദീൻ നിരന്തരം ക്രൂരമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്‌തമായതായി പോലീസ് അറിയിച്ചു. അതേസമയം, ഒളിവിലുള്ള താജുദ്ദീനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ മാസം ഒമ്പതിനാണ് മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
താജുദ്ദീന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉമ്മുകുൽസുവിനെ പ്രണയിച്ചാണ് താജുദ്ദീൻ വിവാഹം ചെയ്‌തത്. പിന്നീട് സംശയത്തെ തുടർന്നുള്ള ക്രൂര മർദ്ദനത്തിന് യുവതി ഇരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സാങ്കൽപ്പിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ യുവതി മലപ്പുറത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് അടുത്തിടെയാണ് താജുദ്ദീൻ വീണ്ടും ഉമ്മുകുൽസുവിനെ വീര്യമ്പ്രത്തെ വാടക വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.
കൊല്ലപ്പെട്ട യുവതിയുടെ വായിൽ രാസലായനി ഒഴിച്ചതായും അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. രാസലായനി വീണ് യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ സഹായം ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു വരുത്തിയ ശേഷമാണ് താജുദ്ദീൻ മുങ്ങിയത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. താജുദ്ദീൻ മുൻപ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കായി കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാലുശ്ശേരി സിഐ എംകെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
Most Read: കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ






































