തിരുവനന്തപുരം: കോർപറേഷൻ സോണൽ ഓഫിസുകളിലെ നികുതിപ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ. ആറ്റിപ്ര സോണൽ ഓഫിസിലെ ചാർജ് ഓഫീസർ ആയിരുന്ന ഡി സുമതി, ശ്രീകാര്യം സോണലിലെ ചാർജ് ഓഫിസർ ആയിരുന്ന ലളിതാംബിക എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മേൽനോട്ട പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തിരുവനന്തപുരം കോർപറേഷനിൽ അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴ് ആയി.
മൂന്ന് സോണൽ ഓഫിസുകളിലായി നടന്ന നികുതി തട്ടിപ്പിൽ നേമം, ശ്രീകാര്യം എന്നീ സ്റ്റേഷനുകളിൽ അന്വേഷണം നടക്കുകയാണ്. ഇതിൽ നേമം പോലീസ് നടത്തിയ അന്വേഷണത്തിൽ നേമം സോണൽ ഓഫിസിൽ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 22 മുതൽ ജൂലൈ 6 വരെയുള്ള തീയതികൾക്കിടെ 5 ദിവസങ്ങളിലെ പണമാണ് ശ്രീകാര്യത്ത് നഷ്ടപ്പെട്ടത്. ജൂൺ 22ന് കൊടുത്തുവിട്ട 1,74,945 രൂപ ബാങ്കിൽ അടച്ചിട്ടില്ലെന്ന് റവന്യൂ ഇൻസ്പെക്ടർ റിപ്പോർട് ചെയ്തതോടെയാണ് സോണൽ ഓഫിസുകളിലാകെ നടന്ന തട്ടിപ്പ് പുറത്തായത്.
ഓഫിസ് അസിസ്റ്റന്റായിരുന്ന ബിജുവാണ് പണം തട്ടിയതെന്നു കണ്ടെത്തി. തൊട്ടടുത്ത ദിവസം ഈ പണം ബിജു തിരികെ എത്തിച്ചെങ്കിലും ഓഡിറ്റു വിഭാഗം നടത്തിയ അന്വേഷണത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച്, ജൂൺ, ജൂലൈ മാസങ്ങളിലായി 5,12,785 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. മാർച്ചു വരെ ലളിതാംബികയ്ക്കായിരുന്നു ചാർജ് ഓഫിസറുടെ ചുമതല. ഇവർ സ്ഥലം മാറിപ്പോയതിനെ തുടർന്നു റവന്യു ഇൻസ്പെക്ടർക്ക് ചാർജ് ഓഫിസറുടെ ചുമതല നൽകി. അവസാന രണ്ടു തവണ പണം തട്ടിയത് ആർഒ ചാർജ് ഓഫിസറുടെ ചുമതല വഹിക്കുമ്പോഴാണ്. ബിജുവിനെയും കാഷ്യർ അനിൽ കുമാറിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഡിസംബർ 11ആം തീയതി ബാങ്കിൽ നിക്ഷേപിക്കാനായി നൽകിയ 1,09,836 രൂപയാണ് ആറ്റിപ്ര സോണലിൽ ഉദ്യോഗസ്ഥർ തട്ടിയെടുത്തത്.
Also Read: ലഖിംപൂർ ഖേര കൊലപാതകം; ആശിഷ് മിശ്ര 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ







































