കാസർഗോഡ്: തോണിയിൽ നടുക്കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. ഉപ്പള മൂസോടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയവരാണ് യന്ത്രത്തകരാർ മൂലം നടുക്കടലിൽ കുടുങ്ങിയത്. തോണിയിൽ ഉണ്ടായിരുന്ന അയില കടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധർ, വിജയ്, റിയാസ്, സിദ്ദിഖ് എന്നിവരെയാണ് രക്ഷപെടുത്തിയത്. കുമ്പള കോസ്റ്റൽ പോലീസും മൽസ്യ തൊഴിലാളികളും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്.
മൽസ്യബന്ധത്തിന് പോയ ഫാറൂഖിന്റെ ഉടമസ്ഥതയിലുള്ള സിഎം മടവൂർ എന്ന തോണിയാണ് യന്ത്രത്തകരാർ മൂലം നടുക്കടലിൽ കുടുങ്ങിയത്. മൂസോടി ഹാർബറിൽ നിന്ന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിലാണ് കുടുങ്ങിയത്. സംഘത്തെ ഇന്ന് രാവിലെ പത്ത് മണിയോടെ മഞ്ചേശ്വരം മൂസോടി ഹാർബറിൽ എത്തിച്ചു.
കുമ്പള കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് കെ, സബ് ഇൻസ്പെക്ടർ പരമേശ്വര നായിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മൽസ്യ തൊഴിലാളികളായ ആരിക്കാടിയിലെ അബ്ദുള്ള, റഫീഖ്, അബ്ദുൾ ഖാദർ എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read: അമിത ഭീതി വേണ്ട; അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി






































