കോഴിക്കോട്: ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം താഹ ബാഫഖി തങ്ങൾ ബിജെപി വിട്ടു. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളുടെ പേരമകനാണ് ഇദ്ദേഹം. തന്റെ പേരും കുടുംബപ്പേരും ഉപയോഗിച്ച് ബിജെപി മാർക്കറ്റിങ് നടത്തുകയാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു താഹ ബാഫഖി തങ്ങളുടെ രാജി. മുസ്ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും രാജിക്കത്തിൽ ബാഫഖി തങ്ങൾ കുറ്റപ്പെടുത്തി.
മാർക്കറ്റിങ് സ്ട്രാറ്റജി വെച്ചാണ് ബിജെപി മുസ്ലീങ്ങളെ തേടിപ്പിടിക്കുന്നത്. മനുഷ്യരല്ല മതമാണ് ബിജെപിക്ക് വലുത്. അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളുടെ പേരക്കുട്ടി എന്ന മാർക്കറ്റിങ്ങാണ് അവർ തന്നെ വെച്ച് ഉണ്ടാക്കിയെടുത്തതെന്നും ബാഫഖി തങ്ങൾ പറയുന്നു.
ബിജെപിയില്‍ ചേരുന്ന സമയത്ത് ഇക്കാര്യം മനസിലായിരുന്നില്ല. മാദ്ധ്യമങ്ങളിലൂടെ ഒരാഴ്ച എന്റെ പേരില്‍ പ്രചാരണം നടത്തി. സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്ത് ഞാന്‍ ഓഫിസും പാര്‍ട്ടി പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും അതിനൊരു അംഗീകാരം തന്നില്ല. അളകാപുരിയിലെ പരിപാടിക്കുശേഷം ശ്രീധരന് പിള്ളയെ പരിചയപ്പെടാനായി പോയപ്പോള്‍ നീ മുസ്ലിമല്ലേ എന്നും പറഞ്ഞ് സ്റ്റേജില്‍ നിന്നും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരാൾ പിടിച്ചുതള്ളി. അതിന് ശേഷവും അവഹേളനം നേരിട്ടു; ബാഫഖി തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ വിഷയമുണ്ടായിരുന്ന ഘട്ടത്തില്‍ ചാനലിലൂടെ രാജിവെക്കുകയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നോട് നേതാക്കള്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു. കെ സുരേന്ദ്രന്റെ യാത്രയിൽ ഉപഹാരം നൽകി സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിളിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും










































