കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ചട്ടഞ്ചാൽ വ്യവസായ പാർക്കിലാണ് പ്ളാന്റിന്റെ നിർമാണം നടക്കുന്നത്. വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ് പ്ളാന്റ് ഉയരുന്നത്. ഒരു കോടി 87 ലക്ഷം രൂപയാണ് ചിലവ്. പ്രതിദിനം 200 സിലിണ്ടർ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്ളാന്റാണ് കാസർഗോഡ് ഒരുങ്ങുന്നത്.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സംയുക്‌ത പദ്ധതിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്ളാന്റ് സ്‌ഥാപിക്കുന്നത്. കോവിഡ് തീവ്രമായ സമയത്ത് ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പഞ്ചായത്ത് സ്വന്തമായി ഒരു പ്ളാന്റ് തുടങ്ങാൻ നടപടി എടുത്തത്. പ്ളാന്റിനായി 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നൽകിയിരുന്നു.
ജില്ലയിലെ മുഴുവൻ ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിരുന്നു. കൊച്ചി ആസ്‌ഥാനമായ കെയർ സിസിറ്റംസ് ആണ് പ്ളാന്റിന്റെ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഭാവിയിൽ വ്യാവസായിക ആവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പ്ളാന്റ് പ്രവർത്തിക്കുക.
Most Read: അധ്യക്ഷ സ്‌ഥാനത്ത് തുടരും; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു







































