മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മൽസ്യ തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. തിരച്ചിലിൽ മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്.
രക്ഷാ പ്രവർത്തനത്തിന് പങ്കെടുക്കുന്ന മൽസ്യ ബന്ധന ബോട്ടുകൾക്ക് ഒരു ദിവസം അര ലക്ഷം രൂപയുടെ ഇന്ധനമാണ് ആവശ്യമായി വരുന്നത്. മൽസ്യ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. അതോടൊപ്പം കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുക എന്നതും പ്രധാനമാണ്.
തിരച്ചിലിന് സർക്കാർ സഹായം ലഭിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് ദിവസം കഴിയുമ്പോൾ സർക്കാരിൽ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ധന ചിലവെങ്കിലും സർക്കാർ വഹിക്കണമെന്നാണ് മൽസ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞിരുന്നു. നാലു പേരാണ് ഫൈബര്‍ തോണി മറിയുമ്പോൾ അതിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസകുട്ടി എന്നയാളെ രക്ഷപ്പെടുത്തിയിരുന്നു.
ലൈഫ് ജാക്കറ്റിട്ട് കടലിൽ ഒഴുകുന്നത് മറ്റു മൽസ്യ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത് ഹംസകുട്ടിക്ക് രക്ഷയായി. പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
Kerala News: കൂട്ടിക്കല്‍ ഉരുൾപൊട്ടൽ; തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്‍