തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബർ 26ആം തീയതി ചൊവ്വാഴ്‌ച അതിശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ചൊവ്വാഴ്‌ച ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്.
കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ ചൊവ്വാഴ്‌ച യെല്ലോ അലർടും പ്രഖ്യാപിച്ചു. സംസ്‌ഥാനത്തെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
അതേസമയം സംസ്‌ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ഇതേ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശക്‌തമായ മഴക്കൊപ്പം കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: ഇന്ത്യ-പാകിസ്‌ഥാന്‍ ടി-20 മൽസരം; ദേശീയ താല്‍പര്യത്തിന് എതിരെന്ന് രാംദേവ്




































