കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി.
ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. അതേസമയം പുഴയിൽ വെള്ളം ഇറങ്ങി തുടങ്ങിയെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് ഒക്ടോബർ 24 മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലപ്പുറം, പാലക്കാട് ജില്ലകളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. സൈലന്റ് വാലി വനമേഖലയിൽ കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡില്‍ ഏഴാം വളവില്‍ മലവെള്ളപ്പാച്ചില്‍ ഒരു സ്കൂട്ടര്‍ ഒലിച്ചുപോയി. അട്ടപ്പാടി കള്ളമലയിൽ ശക്തമായ കാറ്റിൽ മേൽക്കൂര ഇടിഞ്ഞുവീണ് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാംപുകളിലായി 214 കുടുംബങ്ങളിലെ 584 പേരാണ് കഴിയുന്നത്.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഒലിപ്പുഴയിലും ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി. കേരള എസ്റ്റേറ്റ് അതിർത്തിയിൽ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞു. പുഴയുടെ സമീപത്തു താമസിക്കുന്നവരെ നേരത്തെ തന്നെ അപകട ഭീഷണിയെ തുടർന്ന് മാറ്റിയിരുന്നു.
Malabar News: എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി




































