കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയത്ത് എരുമേലി പഞ്ചായത്തിലെ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. ഏഞ്ചൽ വാലി ജംഗ്ഷൻ, പള്ളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിലവിൽ ആളപായം ഉണ്ടായതായി റിപ്പോർട് ചെയ്‌തിട്ടില്ല.
പ്രദേശത്ത് കനത്ത നാശനഷ്‌ടം ഉണ്ടായതായാണ് വ്യക്‌തമാകുന്നത്‍. സ്‌ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുകയും, വീടുകളിലെ പത്രങ്ങൾ ഉൾപ്പടെ ഒഴുകി പോയതായും നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ നിരവധി ആളുകളുടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും, ഒരു ഓട്ടോറിക്ഷ ഒലിച്ചു പോയതായും വാർഡ് മെമ്പർ മാത്യു ജോസഫ് അറിയിച്ചു.
കോട്ടയത്ത് നിലവിൽ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് നിലവിൽ മഴ ശക്‌തമാകുന്നത്. ഇന്ന് വൈകുന്നേരത്തോടെ ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ അതിശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയിൽ ജില്ലയിൽ നാളെ ഓറഞ്ച് അലർടും പ്രഖ്യാപിച്ചു.
Read also: ഭർത്താവിന് നീതി വേണം; ഉദ്ദവിന് കത്തയച്ച് ക്രാന്തി വാങ്കഡെ




































