പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ല് ഉണക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും യന്ത്രമെത്തിച്ച് കർഷകർ. നിർത്താതെ പെയ്യുന്ന മഴയിൽ നെല്ല് ഉണക്കാൻ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് യന്ത്രത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് കർഷകർ വ്യക്‌തമാക്കുന്നുണ്ട്. മണിക്കൂറിന് 3,200 രൂപയാണ് യന്ത്രത്തിന് വാടകയായി ഈടാക്കുന്നത്.
ഒന്നേകാൽ ടൺ നെല്ലാണ് യന്ത്രം ഉപയോഗിച്ച് മണിക്കൂറിൽ ഉണക്കിയെടുക്കുന്നത്. യന്ത്രത്തിന്റെ കുഴലിന്റെ ഭാഗത്ത് നെല്ല് ഇട്ടുകൊടുത്താൽ ഉണക്കിയെടുക്കുന്നതിനൊപ്പം തന്നെ ചണ്ടി വേർതിരിച്ചു വൃത്തിയാക്കുമെന്നതും, ഈർപ്പം 17 ശതമാനത്തിൽ താഴെയാകുമെന്നതും കർഷകർക്ക് ആശ്വാസമാണ്. 4 തൊഴിലാളികളാണ് യന്ത്രം പ്രവർത്തിപ്പിക്കാൻ ആവശ്യമായുള്ളത്.
8 മണിക്കൂർ കൊണ്ട് 10 ടൺ നെല്ല് സപ്ളൈകോ പറയുന്ന പരുവത്തിൽ ഉണക്കിയെടുക്കാനാകും. യന്ത്രം ഉപയോഗിച്ച് നെല്ല് ഉണക്കിയെടുക്കുന്നത് നഷ്‌ടമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ തൊഴിലാളിക്ഷാമവും സമയനഷ്‌ടവും കണക്കാക്കുമ്പോൾ ഈ നഷ്‌ടം സഹിക്കാൻ കർഷകർ തയാറാകുകയാണ്.
Read also: മരക്കാർ തിയേറ്റർ റിലീസ് ചെയ്യും; സർക്കാർ നയം വ്യക്‌തമാക്കി മന്ത്രി






































