മലപ്പുറം: മലപ്പുറത്ത് നിന്ന് മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ ആദ്യ സർവീസ് നാളെ ആരംഭിക്കും. മലപ്പുറം-മൂന്നാർ യാത്രയ്ക്ക് പുറമെയാണ് മലക്കപ്പാറയിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ജില്ലയിൽ നിന്നുടനീളം ലഭിക്കുന്നത്. ആദ്യ ദിവസമായ നാളെ ജില്ലയിൽ നിന്ന് രണ്ട് ബസുകളാണ് മലക്കപ്പാറയിലേക്ക് പുറപ്പെടുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചിലവിൽ ആസ്വദിക്കാനുള്ള അവസരമാണ് മലപ്പുറം കെഎസ്ആർടിസി ഒരുക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് സർവീസ് പ്രഖ്യാപിച്ചത്. ഏകദിന യാത്രയ്ക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉൾപ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയിൽ നാടൻ ഭക്ഷണത്തിന് സൗകര്യം ഒരുക്കും. പുലർച്ചെ 3.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ, ഈ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ 4.45ന് മറ്റൊരു ബസ് കൂടി മലക്കപ്പാറയിലേക്ക് സർവീസ് നടത്തും.
അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവയാണ് യാത്രയിൽ കാണാൻ സാധിക്കുന്ന പ്രധാന കേന്ദ്രങ്ങൾ. 60 കിലോമീറ്ററോളം വനത്തിലൂടെയാണ് യാത്ര ഒരുക്കിയിട്ടുള്ളത്. പുലർച്ചെ 3.30ന് മലപ്പുറത്ത് നിന്നും ആരംഭിക്കുന്ന സർവീസ് രാവിലെ 11.30ന് മലക്കപ്പാറയിൽ എത്തും. തുടർന്ന് ഉച്ചക്ക് 1.30 വരെ അവിടെയാണ് ചിലവഴിക്കുക. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0483 2734950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Most Read: സർക്കാർ ഡോക്ടർമാർ നവംബർ ഒന്ന് മുതൽ നിൽപ്പ് സമരത്തിലേക്ക്







































