കണ്ണൂർ: പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ ഗവ.എൽപി സ്‌കൂൾ നാളെ തുറക്കില്ല. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കാണ് കാരണം. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ വിദ്യാലയം പാനൂർ ഉപജില്ലയിലെ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്‌ഥാപനമാണ്. പ്രീ പ്രൈമറി മുതൽ നാലാം ക്‌ളാസുവരെയാണ് ഇവിടെ ഉള്ളത്.
1906ൽ സ്‌ഥാപിച്ച സ്‌കൂൾ 2015 ലാണ് കൊളവല്ലൂർ എഡ്യൂക്കേഷണൽ വെൽഫെയർ സൊസൈറ്റി ഏറ്റെടുത്തത്. പിന്നീട് പഴയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം പണിതു. വിദ്യാഭ്യാസ വകുപ്പ് കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പഞ്ചായത്തിൽ നിന്ന് നിയമപ്രകാരമുള്ള അനുമതി ലഭിക്കാത്തതാണ് സ്‌കൂൾ തുറക്കാൻ വൈകിപ്പിക്കുന്നത്.
പഴയ കെട്ടിടം പൊളിച്ചു പണിതപ്പോൾ പുതിയ കെട്ടിടത്തിലേക്കുള്ള വഴി ആറ് സെന്റീമീറ്ററോളം കുറഞ്ഞതിനാലാണ് പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാൻ കാലതാമസം നേരിടുന്നതെന്ന് സ്‌കൂൾ പിടിഎ അധികൃതർ പറഞ്ഞു. പഞ്ചായത്തിന്റെ പിടിവാശി മൂലം ഒന്നരവർഷത്തിന് ശേഷം നാളെ തുടങ്ങുന്ന പുതിയ അധ്യയന വർഷം സ്‌കൂളിലെ നൂറ്റമ്പതോളം കുരുന്നുകൾക്ക് നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് അധികൃതർ.
Most Read: കുട്ടികൾ നാളെ സ്‌കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി


































