തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സുപ്രധാന ദിനമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം സംസ്‌ഥാനത്ത് വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തും. 47 ലക്ഷത്തോളം വിദ്യാർഥികളാണ് നാളെ സ്‌കൂളിൽ എത്തുന്നത്. രക്ഷിതാക്കൾക്ക് ഇവരെ ധൈര്യമായി സ്‌കൂളിൽ എത്തിക്കാമെന്നും, കുട്ടികളുടെ ആരോഗ്യത്തിന് വേണ്ട എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകൾ മാത്രമാണ് നാളെ തുറക്കാത്തത്. ബാക്കിയുള്ള എല്ലാ പ്രദേശങ്ങളിലെയും സ്‌കൂളുകൾ നാളെ തുറക്കും. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യം വേണ്ടെന്നും, നേരിട്ട് വരാൻ തയ്യാറല്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ പഠനം തുടരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്‌ളാസിൽ നേരിട്ട് എത്താത്തത് മൂലം ഹാജരില്ലാത്തത് അയോഗ്യതയായി കണക്കാക്കില്ലെന്നും, മന്ത്രി വ്യക്‌തമാക്കി. സ്‌കൂളുകളിൽ എത്തുന്ന വിദ്യാർഥികളെ 15 വീതമുള്ള ഗ്രൂപ്പുകളായി തിരിക്കും. തുടർന്ന് ഓരോ ഗ്രൂപ്പിന്റെയും ചുമതല ഓരോ അധ്യാപകർക്ക് ആയിരിക്കും. അതേസമയം സംസ്‌ഥാനത്ത് ഇനിയും വാക്‌സിൻ സ്വീകരിക്കാനുള്ള അധ്യാപകർ തൽക്കാലം സ്‌കൂളുകളിൽ എത്തേണ്ടെന്നും, അവർ ഓൺലൈനായി വിദ്യാർഥികൾക്ക് ക്‌ളാസ് എടുക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം; 6 മാസത്തിനിടെ 2 മരണം