കോഴിക്കോട്: ജില്ലയിലെ പാലാഴിയിൽ ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പാലാഴി സ്വദേശിയായ ശശീന്ദ്രൻ(58) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം ഓടയിൽ നിന്നും കണ്ടെത്തിയത്.
സമീപ പ്രദേശത്ത് തന്നെ താമസിക്കുന്ന ശശീന്ദ്രൻ ഓട്ടോ ഡ്രൈവറാണ്. നിലവിൽ കഴിഞ്ഞ 6 മാസത്തിനിടെ ഇതേ ഓടയിൽ വീണ് മരിക്കുന്നവരുടെ എണ്ണം 2 ആയി ഉയർന്നുവെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. നിരവധി തവണയായി സ്ളാബ് ഇട്ട് ഓട മൂടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ട്.
ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലാണ് ഓട ഉൾപ്പെടുന്ന സ്‌ഥലമുള്ളത്. ഇതിൽ വീണ് ആളുകൾക്ക് പരിക്കേൽക്കുന്നതും പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കും സ്‌ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കൂടാതെ സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
Read also: പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി