തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ പൂർണമായി തുറന്നതിന്റെ ആദ്യ ദിനമായ ഇന്ന് 82.77 ശതമാനം വിദ്യാർഥികൾ ഹാജരായി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 80.23 ശതമാനം വിദ്യാര്‍ഥികളും, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 82.18 ശതമാനം വിദ്യാർഥികളും, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 85.91 ശതമാനം വിദ്യാർഥികളും ഇന്ന് സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ഹാജരായിട്ടുണ്ട്.
കണ്ണൂരിലാണ് എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഹാജരായത്. 93 ശതമാനമാണ് കണ്ണൂരിലെ ഹാജർ നില. എന്നാൽ ഈ വിഭാഗത്തിൽ ഏറ്റവും കുറവ് വിദ്യാർഥികൾ ഹാജരായത് പത്തനംതിട്ട ജില്ലയിലാണ്. 51.9 ശതമാനം വിദ്യാർഥികൾ മാത്രമാണ് പത്തനംതിട്ടയിലെ സ്‌കൂളുകളിൽ ഹാജരായത്. അതേസമയം ഹയർ സെക്കൻഡറി വിഭാഗത്തിൽ 88.54 ശതമാനവുമായി കാസർഗോഡ് ജില്ലയാണ് ഹാജർ നിലയിൽ മുന്നിൽ. പിന്നിൽ 72.28 ശതമാനവുമായി എറണാകുളം ജില്ലയുമാണ്.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 97 ശതമാനം രേഖപ്പെടുത്തിയ എറണാകുളത്താണ് കൂടുതൽ ഹാജർനില. 71.48 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് കുറഞ്ഞ ഹാജർനില. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ഗുണം ചെയ്‌തതായും, മികച്ച ഹാജർനിലയാണ് റിപ്പോർട് ചെയ്‌തതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി.
Read also: തിരൂർ എഎംഎൽപി സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചു; അധ്യയനം അറ്റകുറ്റ പണികൾക്ക് ശേഷം