മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിന്റെ അറ്റകുറ്റപണി പൂർത്തിയാക്കിയ ശേഷം സ്‌കൂൾ തുറക്കാൻ തീരുമാനം. നിലവിൽ സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചിരിക്കുകയാണ്. അറ്റകുറ്റപണികൾ പൂർത്തിയാകുന്നത് വരെ ക്‌ളാസുകൾ ഓൺലൈൻ വഴി തുടരും. സ്‌കൂളിന്റെ അവകാശ തർക്കത്തിലും ഒത്തുതീർപ്പായി. അന്തരിച്ച മാനേജർ ദാക്ഷായണിയുടെ മകൻ സുബാഷിന് സ്‌കൂളിന്റെ അവകാശം നൽകും. സ്‌കൂളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്‌കൂളിന്റെ അറ്റകുറ്റപണികൾ ഒരാഴ്‌ചക്കകം പൂർത്തിയാക്കാനാണ് തീരുമാനം. അപകട ഭീഷണിയായ സ്‌കൂളിൽ വിദ്യാർഥികളെ കയറ്റാതെ ഇന്ന് രാവിലെ മുതൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു വരികയാണ്. മാനേജ്‌മെന്റ് അറ്റകുറ്റപണി നടത്താത്തതാണ് സ്‌കൂൾ കെട്ടിടം അപകടാവസ്‌ഥയിലാകാൻ കാരണമെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. പൊട്ടിവീണ ഓടുകളും പട്ടിക കഷ്‌ണങ്ങളും ഒക്കെയായി അധ്യയനം തീർത്തും സാധ്യമല്ലാത്ത ക്‌ളാസ് മുറിയിലേക്കാണ് ഇന്ന് രാവിലെ വിദ്യാർഥികൾ എത്തിയത്.
എന്നാൽ, വിവരം അറിഞ്ഞ് സ്‌ഥലത്ത് എത്തിയ രക്ഷിതാക്കൾ സ്‌കൂളിന്റെ അവസ്‌ഥ ശോചനീയമാണെന്ന് ആരോപിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌കൂളിലെത്തി മാനേജ്‌മെന്റുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് രക്ഷിതാക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. 35 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. 2014ൽ സ്‌കൂൾ മാനേജരായ ദാക്ഷായണിയുടെ മരണത്തോടെയാണ് സ്‌കൂളിലെ അറ്റകുറ്റപണി മുടങ്ങിയത്. മക്കൾ തമ്മിൽ സ്‌കൂളിന്റെ അവകാശത്തെ ചൊല്ലി തർക്കം തുടങ്ങിയതോടെ സ്‌കൂളിന്റെ മേൽനോട്ടത്തിന് ആളില്ലാത്ത അവസ്‌ഥയായി.
Most Read: കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ചു; ജീവനക്കാരിക്ക് എതിരെ നടപടി