അബുദാബി: കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കോവിഡ് രോഗി പോലും ചികിൽസയിലില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ ആശുപത്രികളില്‍ മാത്രമായിരിക്കും ചികിൽസ ലഭ്യമാക്കുക.
അബുദാബിയില്‍ അല്‍ റഹ്‍ബ ആശുപത്രിയിലും അല്‍ഐന്‍ സിറ്റിയില്‍ അല്‍ഐന്‍ ആശുപത്രിയിലും മാത്രമായിരിക്കും അടുത്ത ഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇതിന് പുറമേ എമിറേറ്റില്‍ പല ഭാഗങ്ങളിലായുള്ള ഫീല്‍ഡ് ആശുപത്രികളും കോവിഡ് രോഗികള്‍ക്കായി പ്രവര്‍ത്തനം തുടരും.
ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും ഇപ്പോള്‍ കോവിഡ് രോഗികളൊന്നും ഇല്ലെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള സ്‌പെഷ്യലൈസ്‍ഡ് സേവനങ്ങള്‍ ഇനി മുതല്‍ ഇവിടെ പുന:രാരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവിടുത്തെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും പ്രവര്‍ത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
രാജ്യത്ത് പരമാവധി ജനങ്ങള്‍ വാക്‌സിനെടുത്തതാണ് നേട്ടത്തിന് കാരണമായതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. 78 പേര്‍ക്കാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ചികിൽസയിലായിരുന്ന 110 പേര്‍ രോഗ മുക്‌തരാവുകയും ചെയ്‌തു. പുതിയ കോവിഡ് മരണങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തിട്ടുമില്ല.
Also Read: ദേശീയ ആയുര്‍വേദ ദിനം; ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യമന്ത്രി







































