കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം. അറസ്റ്റിലായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന്റെ സഹായികളായ രണ്ട് പേരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സഹായികളായ രണ്ട് സ്ത്രീകളെ കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി പേർ ഇമാമിന്റെ മന്ത്രവാദ ചികിൽസയ്ക്ക് ഇരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫാത്തിമയുടെ പിതാവ് സത്താറും പള്ളി ഇമാമും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഇമാം ഉവൈസിനെ കൂടാതെ മറ്റ് രണ്ട് സ്ത്രീകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഉവൈസിന്റെ ഭാര്യാ മാതാവ് ഷുഹൈബ, ജിന്നുമ്മ എന്ന് വിളിപ്പേരുള്ള മറ്റൊരു സ്ത്രീ എന്നിവർക്കെതിരെയാണ് ആരോപണം. ജില്ലക്കകത്തും പുറത്തുമുള്ള നിരവധിപേർ ഉവൈസിന്റെ മന്ത്രവാദത്തിന് ഇരയായതായാണ് പൊലീസിന് ലഭിച്ച വിവരം.
ഇതിൽ പലരുടെയും സ്ഥിതി മോശമാണെന്നും അവരെ കണ്ടെത്തി വിദഗ്ധ ചികിൽസ നൽകണമെന്നും സിറ്റിയിലെ സാംസ്കാരിക കൂട്ടായ്മയായ സ്നേഹ തീരം പ്രവർത്തകർ പോലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിന് പിന്നിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഉവൈസിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും ഇയാളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ഒപ്പം സമാന രീതിയിൽ നടന്ന മറ്റ് നാല് മരണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
Most Read: ചർച്ച പരാജയം; നാളെ അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്






































