വയനാട്: ആദിവാസി പണിയ സമുദായത്തിന് മാത്രമായി ലൈബ്രറിയൊരുക്കി ഒരു കൂട്ടം വിദ്യാർഥികൾ. അമ്പുകുത്തി മലയടിവാരത്തിലെ മലവയൽ ഗോവിന്ദമൂല ഊരിലാണ് കരിന്തണ്ടൻ വായനശാല സജ്‌ജമാക്കിയിരിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി പൂർണമായി പണിയരുടെ നടത്തിപ്പിൽ പ്രവർത്തനം തുടങ്ങിയ വായനശാലയാണിത്. വായനശാലയുടെ പ്രസിഡണ്ട് ഊരുമൂപ്പൻ ജി പാലനും, വൈ.പ്രസിഡണ്ട് എം അമ്പിളിയുമാണ്.
വായനശാലയുടെ ഉൽഘാടനം താലൂക്ക് ലൈബ്രറി സെക്രട്ടറിയും ബത്തേരി ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ പികെ സത്താർ നിർവഹിച്ചു. വായനശാലയുടെ സെക്രട്ടറിയും ഊരിലെ അംഗവുമായ റിബേക്ക മത്തായിയുടെ ആശയമാണ് വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമായത്. തൃശൂർ വിമല കോളേജിലെ പഠനകാലത്ത് റിബേക്ക ഈ ആശയം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. തുടർന്ന് പലരും സഹായിക്കാൻ സന്നദ്ധത കാണിച്ചു മുന്നോട്ട് വന്നു. പിന്നീട് അയർലൻഡ്, യുകെ, യുഎസ്എ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളും സഹായവുമായി എത്തി. ഫേസ്ബുക്ക് വഴിയും സഹായങ്ങൾ ലഭിച്ചു.
കെട്ടിടം ഇല്ലാത്തതിനാൽ ഊരുമൂപ്പന്റെ വീട്ടിലെ ഒരു മുറിയിലാണ് വായനശാല ഒരുക്കിയിരിക്കുന്നത്. പ്ളസ് വൺ വിദ്യാർഥിനി ജിബി രമ്യയാണ് ലൈബ്രേറിയൻ. ഊരിലെ ഇരുപത് കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും മുതിർന്നവർക്കും വായനശാല അറിവിന്റ ഒരു മുതൽക്കൂട്ടായി മാറും. സ്വന്തം കെട്ടിടം കൂടി വരുന്നതോടെ മാസന്തോറും ചർച്ചകളും സാംസ്‌കാരിക പരിപാടികളും നടത്താനാണ് റിബേക്കയുടെയും സുഹൃത്തുക്കളുടെയും പദ്ധതി.
Most Read: ഇന്ധനവില കുറയാൻ കാരണം ജനകീയ പ്രതിഷേധം; കെ സുധാകരൻ








































