കണ്ണൂർ: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികൾ അടച്ചുപൂട്ടി. പെരിങ്ങോം വയക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളാണ് പൂട്ടിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. പെടേനയിലെ പത്തോളം വീടുകളിൽ വെള്ളം കയറുകയും ചെയ്‌തിരുന്നു.
തുടർന്ന് നാട്ടുകാർ ക്വാറി പൂട്ടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷൻ അംഗം കെ ബൈജുനാഥ്, പെരിങ്ങോം വില്ലജ് ഓഫിസർ പി സുധീർ കുമാർ എന്നിവർ ചേർന്ന് ക്വാറിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനാ റിപ്പോർട് ജില്ലാ കളക്‌ടർക്കും ആർഡിഒയ്‌ക്കും തഹസിൽദാർക്കും സമർപ്പിച്ചിരുന്നു. തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറികൾ അടച്ചിടാൻ തളിപ്പറമ്പ് സബ് കളക്‌ടർ ഇപി മേഴ്‌സി ഉത്തരവിടുകയായിരുന്നു.
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാർ വർഷങ്ങളായി സമരം നടത്തി വരികയായിരുന്നു. എന്നാൽ, അധികൃതർ ക്വാറിയുടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പെടേന ഗവ.എൽപി സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ സ്‌കൂളിലെ വിദ്യാർഥികളും സമരം നടത്തിയിരുന്നു. ഇത് തുടർന്ന് നാല് മാസത്തോളം ക്വാറികൾ അടച്ചുപൂട്ടിയിരുന്നു. പിന്നീട് നടന്ന പുനഃപരിശോധനയിൽ ക്വാറി വീണ്ടും തുറക്കാൻ ഉത്തരവായി. ഇതോടെയാണ് നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
Most Read: ചാലിയാറിലെ അനധികൃത മണൽക്കടത്ത്; നിരീക്ഷണം ശക്‌തമാക്കി പോലീസ്







































