കോഴിക്കോട്: സ്‌കൂളിന്റെ സുരക്ഷ അവഗണിച്ച് കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 50ആം ദിവസത്തിലേക്ക് കടന്നു. ക്വാറിയുടെ പ്രവർത്തനം മൂലം സ്‌കൂളിനും പരിസരത്തെ ഇരുനൂറോളം വീടുകൾക്കും തകരാർ ഉണ്ടായതിനെ തുടർന്നാണ് നാട്ടുകാർ സമരം തുടങ്ങിയത്. ക്വാറി ഉടമകളെ സഹായിക്കാനായി സ്‌കൂളിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് വൈകിച്ചതായും പരാതിയുണ്ട്.
സ്‌കൂൾ തുറന്നിട്ടും ക്‌ളാസിലേക്ക് വരാൻ കാറ്റുള്ളമല നിർമല എയുപി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭയമാണ്. തുടർച്ചയായ പാറപൊട്ടിക്കൽ കാരണം സ്‌കൂൾ കെട്ടിടം പലയിടത്തും വിണ്ടുകീറിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവന് വരെ ഭീഷണിയായ ക്വാറിക്കെതിരെ സ്‌കൂൾ അധികൃതർ പരാതി നൽകിയിരുന്നു. പകരം ബലക്ഷയമുണ്ടായ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിക്കേണ്ടെന്ന വിചിത്ര നിലപാടാണ് പഞ്ചായത്ത് എടുത്തത്.
സ്‌കൂളിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്‌തു. ഒടുവിൽ ജില്ലാ കളക്‌ടർ ഉൾപ്പടെ ഇടപെട്ടതിനെ തുടർന്ന് സ്‌കൂൾ തുറക്കുന്നതിന് തൊട്ടു മുൻപാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത്. എന്നിട്ടും ക്വാറിക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന വാദം ആവർത്തിക്കുകയാണ് പഞ്ചായത്ത്. രണ്ടുവർഷം മുൻപാണ് കായണ്ണ- കൂരാച്ചുണ്ട് പഞ്ചായത്തുകളുടെ അതിർത്തിയായ കാറ്റുള്ളമലയിൽ ക്വാറി പ്രവർത്തനം തുടങ്ങിയത്.
ക്വാറിയുടെ പ്രവർത്തനം മൂലം സമീപത്തെ ഇരുനൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടെയാണ് നാട്ടുകാർ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്‌ചിതകാല സമരം തുടങ്ങിയത്. സ്‌ഥലം സന്ദർശിച്ച ജിയോളജി സംഘം ജില്ലാ കളക്‌ടർക്ക് ഉടൻ തന്നെ റിപ്പോർട് സമർപ്പിക്കും. ഇതിന്റെ അടിസ്‌ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.
Also Read: ജോജു ജോർജ് വിഷയത്തിൽ സമവായം ഇല്ലാതാക്കുന്നത് സിപിഎമ്മെന്ന് കോൺഗ്രസ്




































