വയനാട്: ബ്രഹ്‌മഗിരി മലനിരകളിലെ എസ്‌റ്റേറ്റിൽ വീണ്ടും മരംമുറി നടക്കുന്നതായി പരാതി. വനം-റവന്യൂ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ വൻതോതിൽ മരം മുറിച്ചു കടത്തുന്നതായി ആരോപിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് പരാതി നൽകിയിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജിൽ റവന്യൂ ഭൂമിയും വനവും ഇടകലർന്ന ബ്രഹ്‌മഗിരി മലഞ്ചെരുവിലെ ബാർഗിരി എസ്‌റ്റേറ്റിലാണ് വ്യാപകമായി മരംമുറി നടക്കുന്നത്.
വർഷങ്ങളായി സ്‌ഥലംമാറ്റമില്ലാത്ത ചില റവന്യൂ-വനം ഉദ്യോഗസ്‌ഥരാണ് മരംമുറിക്ക് ഒത്താശ നൽകുന്നതെന്നും പരാതിയുണ്ട്. വൻകിടക്കാരുടെ മരംമുറിക്ക് ഒത്താശ ചെയ്‌ത് കൊടുക്കുന്ന ഉദ്യോഗസ്‌ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സമിതി ആവശ്യപ്പെട്ടു. 300 ഏക്കറോളം വരുന്ന ബാർഗിരി എസ്‌റ്റേറ്റിൽ 100 ഏക്കർ റവന്യൂ ഭൂമിയും എസ്‌റ്റേറ്റ് ബംഗ്ളാവിനോട് ചേർന്ന് വനഭൂമിയാണെന്നും സമിതി ചൂണ്ടിക്കാട്ടി. ഇവ അളന്ന് വേർതിരിക്കാതെ സർക്കാർ ഭൂമിയിലടക്കമുള്ള സിൽവർ ഓക്ക് മരങ്ങളാണ് ഇപ്പോൾ മുറിച്ചു മാറ്റുന്നത്.
കുറച്ചു വർഷം മുൻപ് ഒട്ടേറെ ഈട്ടി മരങ്ങൾ ഈ എസ്‌റ്റേറ്റിൽ നിന്ന് മുറിച്ചു കടത്തിയിരുന്നു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്. കാലാവസ്‌ഥാ വ്യതിയാനം, പാരിസ്‌ഥിതിക തകർച്ച തുടങ്ങിയവ മൂലം ദുരന്തം നേരിടുന്ന വയനാട്ടിൽ അനധികൃത മരംമുറികൾ അവസാനിപ്പിക്കാൻ ശക്‌തമായ ഇടപെടൽ ഉണ്ടാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
Most Read: തദ്ദേശീയ തൊഴിൽ സംവരണവുമായി ഹരിയാന; നിരവധി പേരുടെ ജോലി നഷ്‌ടമായേക്കും








































