കൈനകരി ജയേഷ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം, പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് ഭീഷണി

By News Desk, Malabar News
Kainakari Jayesh Murder Case
Ajwa Travels

ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ടുവർഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിധി കേട്ടതിന് പിന്നാലെ പ്രകോപിതരായ പ്രതികൾ പ്രോസിക്യൂഷന് നേരെ വധഭീഷണി മുഴക്കി. പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് ആക്രോശിച്ച പ്രതികളെ കൂടുതൽ പോലീസിന്റെ സുരക്ഷയിലാണ് പുറത്തേക്ക് കൊണ്ടുപോയത്.

പോലീസ് വാഹനത്തിൽ കയറുന്നതിന് മുൻപും പ്രതികൾ അസഭ്യ വർഷം നടത്തി. മാദ്ധ്യമ പ്രവർത്തകർ ചിത്രങ്ങൾ പകർത്തുന്നതിനിടെ ആയിരുന്നു സംഭവം. നല്ല ചിത്രങ്ങൾ എടുക്കണേയെന്ന് പ്രതികളിൽ ഒരാൾ വിളിച്ചുപറയുകയും ചെയ്‌തു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. രണ്ടുമുതൽ നാല് വരെ പ്രതികളായ ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ (31), കോമളപുരം പുതുവെൽവെളി നന്ദു (26), കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ് (38), പത്താം പ്രതി കൈനകരി മമ്മൂട്ടിച്ചിറ കുഞ്ഞുമോൻ (61) എന്നിവരാണവർ.

കേസിലെ ഒന്നാം പ്രതിയും ഗുണ്ടാ തലവനുമായ കൈനകരി ആറ്റുവാത്തല കുന്നുതറ അഭിലാഷ് കേസിന്റെ വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. അഞ്ച് മുതൽ എട്ട് വരെ പ്രതികളായ കൈനകരി മമ്മൂട്ടിച്ചിറ സബിൻകുമാർ (40), കൈനകരി തോട്ടുവാത്തല ചെമ്മങ്ങാട്ടുവീട്ടിൽ ഉല്ലാസ് (36), തോട്ടുവാത്തല മംഗലശ്ശേരിയിൽ വിനീത്, ആറ്റുവാത്തല പുത്തൻപറമ്പ് വീട്ടിൽ പുരുഷോത്തമൻ എന്നിവരെ കോടതി വെറുതെ വിടുകയും ചെയ്‌തിരുന്നു.

2014 മാർച്ച് 28നാണ് കേസിനാസ്‌പദമായ സംഭവം. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്ന് കൈനകരി പതിനൊന്നാം വാർഡിൽ ജയേഷ് ഭവനത്തിൽ ജയേഷിനെ (26) വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി അഭിലാഷിനെ 2013 ഒക്‌ടോബറിൽ കൈനകരി ഗുരുമന്ദിരത്തിന് സമീപം വെച്ച് ജയേഷ് കുത്തി പരിക്കേൽക്കിപ്പിച്ചിരുന്നു. ഒൻപതാം പ്രതി സന്തോഷിന്റെ വീട്ടുകാരും ജയേഷുമായി കൊയ്‌ത്തുയന്ത്രം ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘട്ടനത്തിലാണ് അവസാനിച്ചത്.

ഈ സംഭവങ്ങളിലെ പകയെ തുടർന്ന് അഭിലാഷ്, സാജൻ, നന്ദു, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജയേഷിന്റെ വീട് തല്ലിപ്പൊളിച്ചു. ഭയന്നോടിയ ജയേഷിനെ വീടിന് പടിഞ്ഞാറുള്ള വയലിലിട്ട് വെട്ടിക്കൊന്നു എന്നാണ് കേസ്. രണ്ട് മുതൽ നാല് വരെ പ്രതികളായ സാജൻ, നന്ദു, ജനീഷ് എന്നിവർക്കെതിരെയാണ് കൊലപാതക കുറ്റം തെളിഞ്ഞിട്ടുള്ളത്. ഇവർക്കെതിരെ മറ്റ് പല കേസുകളും നിലവിലുണ്ട്. ഒൻപതാം പ്രതി സന്തോഷിനെതിരെയും പത്താം പ്രതി കുഞ്ഞുമോനെതിരെയും തെളിവ് നശിപ്പിക്കൽ കുറ്റത്തിനാണ് കേസ് എടുത്തത്.

ജയേഷിനെ സ്വന്തം മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജയേഷിന്റെ അച്ഛന്റെയും അമ്മയുടെയും മൊഴി നിർണായകമായി. നെടുമുടി പോലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 41 സാക്ഷികളെ വിസ്‌തരിച്ചു. 60 രേഖകളും 12 തൊണ്ടി സാധനങ്ങളും തെളിവാക്കി.

Also Read: എംജി സർവകലാശാല ഗവേഷക സമരം അവസാനിപ്പിക്കണം; മന്ത്രി കെ രാധാകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE