മലപ്പുറം: മോഷ്ടിച്ചതിന് ക്ഷമാപണം നടത്തി കള്ളൻ. എടപ്പാളിനടുത്ത് കാളാച്ചാലിലെ ഒരു വീട്ടിലാണ് സംഭവം. മോഷണം നടത്തിയതിന് ശേഷം വീടിന് പുറത്ത് ക്ഷമാപണ കത്ത് എഴുതിവെച്ചാണ് കള്ളൻ മുങ്ങിയത്. കാളച്ചാൽ സ്വദേശിയായ ശംസീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണം പണയംവെച്ച് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 67,000 രൂപയാണ് മോഷണം പോയത്.
എന്നാൽ മോഷണവിവരം അറിഞ്ഞ് വീട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറത്തായി രണ്ട് പേജിലായി എഴുതിവെച്ച കത്ത് ശ്രദ്ധയിൽപെട്ടത്. ‘വീട്ടിലെ പൈസ ഞാൻ എടുത്തിട്ടുണ്ട്. ഞാൻ വീടിനടുത്തുള്ള ആളാണ്, ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും അറിയും. കുറച്ച് സമയം തരണം. പണം വീട്ടിൽ തന്നെ കൊണ്ടുവെച്ചോളാം. സാമ്പത്തിക പ്രയാസം വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
ഞാൻ സുഖമില്ലാതെ കിടപ്പിലാണ്, എനിക്ക് മാപ്പ് തരണം’. എന്നൊക്കെയായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. ശംസീറിന്റെ പരാതിയിൽ ചങ്ങരംകുളം എസ്ഐമാരായ വിജയകുമാർ, ഖാലിദ്, സിപിഒ സുരേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ, കത്ത് ലഭിച്ചതോടെ വീട്ടുകാരും പോലീസും ആശയക്കുഴപ്പത്തിലാണ്.
Most Read: 175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കാൻ സർക്കാർ; മുന്നറിയിപ്പുമായി ഹൈക്കോടതി





































