പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാൻ വലത് തുരങ്കത്തിന്റെ നിർമാണം വേഗത്തിലാക്കി. തുരങ്കത്തിന്റെ ലൈനിങ്, റോഡ് കോൺക്രീറ്റിങ് പണികളാണ് പുരോഗമിക്കുന്നത്. നിർമാണ പ്രവൃത്തികൾക്ക് ശേഷം 2022 മാർച്ചിനുള്ളിൽ തുരങ്കം തുറക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. വലത് തുരങ്കം തുറന്ന് കൊടുത്താൽ ഇതിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഇടത് തുരങ്കത്തിൽ ശേഷിക്കുന്ന പണികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
വടക്കഞ്ചേരി മുതൽ മണ്ണൂത്തിവരെയുള്ള ഭാഗത്തെ പ്രധാന സർവീസ് റോഡുകളും ഫുട് ഓവർ ബ്രിഡ്‌ജുകളും പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ, വഴുക്കമ്പാറ മേൽപ്പാതയുടെ നിർമാണം പൂർത്തിയാക്കി വലത് തുരങ്കപാത ഇതുമായി ബന്ധിപ്പിക്കണം. തൃശൂർ കളക്‌ടർ ഹരിത വി കുമാർ നിർമാണ പുരോഗതി വിലയിരുത്തി. തുരങ്കത്തിൽ പ്രവർത്തനങ്ങൾക്കൊപ്പം തൊഴിലാളികളുടെ എണ്ണവും കളക്‌ടർ പരിശോധിച്ചു.
2016ൽ ആണ് തുരങ്കത്തിന്റെ നിർമാണം ആരംഭിച്ചത്. ഇടത് തുരങ്കം 2021 ജൂലൈ 31ന് തുറന്ന് കൊടുത്തിരുന്നു. ഇടത് തുരങ്കത്തിൽ 400 മീറ്റർ മുകൾഭാഗം കോൺക്രീറ്റിങ്ങാണ് ഇനി പൂർത്തിയാകാൻ ഉള്ളത്. രണ്ട് തുരങ്കവും പൂർത്തിയാകുന്നതോടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. കൂടാതെ, കൊച്ചി-കോയമ്പത്തൂർ യാത്രയിൽ മൂന്ന് കിലോമീറ്റർ ലാഭവും ഉണ്ടാകും.
Most Read: മഴക്കെടുതി; തമിഴ്‌നാട്ടിൽ ഇതുവരെ 12 മരണം, അതിജാഗ്രതയിൽ സർക്കാർ







































