കാസർഗോഡ്: കോവിഡ് കുറഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ വീണ്ടും സജീവമായി. സാമൂഹിക അകലം പാലിച്ചും, മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചും സുരക്ഷിതമാക്കിയാണ് സഞ്ചാരികളെ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ ബേക്കൽ കോട്ട, റാണിപുരം, മഞ്ഞംപൊതിക്കുന്ന്, കവ്വായിക്കായൽ, ബേക്കൽ ബീച്ച് പാർക്ക്, ചെമ്പരിക്ക ബീച്ച്, കാഞ്ഞങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
ബേക്കൽ കോട്ടയിലേക്കും റാണിപുരം ഹിൽ സ്‌റ്റേഷനുകളിലുമാണ് കൂടുതൽ പേർ എത്തുന്നത്. അതേസമയം, വടക്കൻ മലബാറിന്റെ തനത് സാംസ്‌കാരിക കലയായ കളിയാട്ടക്കാലം കൂടി ആരംഭിച്ചതിനാൽ തെയ്യം കാണുന്നതിനും ഗ്രാമീണ ഭംഗി ആസ്വദിക്കുന്നതിനുമായി വിദേശങ്ങളിൽ നിന്നടക്കം വിനോദസഞ്ചാരികൾ ഇത്തവണ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതേസമയം, കാസർഗോഡൻ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ‘ലിറ്റിൽ ഇന്ത്യ കാസർഗോഡ്’ എന്ന ഹൃസ്വ വീഡിയോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുറത്തിറക്കിയിട്ടുണ്ട്. ജില്ലയിലെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ബെള്ളൂർ, വലിയ പറമ്പ്, പീലിക്കോട്, പനത്തടി പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
Most Read: കുതിരാൻ വലത് തുരങ്കത്തിന്റെ നിർമാണം വേഗത്തിലാക്കി; മാർച്ചിനുള്ളിൽ തുറക്കാൻ ലക്ഷ്യം






































