കണ്ണൂർ: ഓൺലൈൻ വഴി ചുരിദാർ ഓർഡർ ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടൻ വീട്ടിൽ രജനയുടെ പണമാണ് നഷ്‌ടപെട്ടത്. സിലൂറി ഫാഷൻ എന്ന സ്‌ഥാപനമാണ് തട്ടിപ്പ് നടത്തിയത്. 299 രൂപ വിലവരുന്ന ചുരിദാറായിരുന്നു യുവതി ഓർഡർ ചെയ്‌തിരുന്നത്. എന്നാൽ, ആറ് തവണയായി രജനയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയാണ് സ്‌ഥാപനം തട്ടിയെടുത്തത്.
ഫേസ്‌ബുക്കിൽ പരസ്യം കണ്ടാണ് രജന 299 രൂപ വിലവരുന്ന ചുരിദാറിന് സിലൂറി ഫാഷൻ എന്ന സ്‌ഥാപനത്തിൽ ഓൺലൈൻ വഴി ഓർഡർ ചെയ്‌തത്. 299 രൂപ ഗൂഗിൾ പേ അക്കൗണ്ട് വഴി യുവതി അയച്ച് കൊടുത്തിരുന്നു. എന്നാൽ, ഒരാഴ്‌ച കഴിഞ്ഞിട്ടും ചുരിദാർ ലഭിക്കാത്തതിനെ തുടർന്ന് പരസ്യത്തിൽ കണ്ട സ്‌ഥാപനത്തിന്റെ നമ്പറിലേക്ക് വിളിച്ചു.
തുടർന്ന് മേൽവിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈൽ ഫോൺ നമ്പറിൽ നിന്ന് കമ്പനിയുടെ നമ്പറിലേക്ക് ഒരു സന്ദേശം അയക്കണമെന്ന് രജനയോട് അവർ ആവശ്യപ്പെട്ടു. യുവതി ഉടൻ തന്നെ സന്ദേശം അയക്കുകയും ചെയ്‌തു. എന്നാൽ, ഇതിന് പിറകെ രജനയുടെ ശ്രീകണ്‌ഠപുരം എസ്ബിഐ അക്കൗണ്ടിൽ നിന്ന് ആറ് തവണയായി ഒരു ലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഇതോടെ ആദ്യം അയച്ച 299 രൂപ അടക്കം 1,00,299 രൂപയാണ് യുവതിക്ക് നഷ്‌ടമായത്. രജനയുടെ പരാതിയിൽ ശ്രീകണ്‌ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ശബ്‌ദ പരിശോധന സംസ്‌ഥാന സര്‍ക്കാര്‍ ലാബില്‍; കെ സുരേന്ദ്രന് തിരിച്ചടി








































