കണ്ണൂർ: റെയിൽവേ സിഗ്നൽ വയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സിഗ്നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ പിരിച്ചുവിട്ടു. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ് പിരിച്ചുവിട്ടത്.
മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യത്താലാണ് ഇവർ സിഗ്നൽ വയറുകൾ മുറിച്ചു മാറ്റിയത്. 2021 മാർച്ച് 24ന് ആയിരുന്നു സംഭവം. സംഭവത്തിനു ശേഷം മംഗളൂരു, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഇരുവരെയും മാറ്റിയിരുന്നു. മദ്യപിച്ചതിനെ തുടർന്ന് പറ്റിപ്പോയതാണ് എന്നതടക്കമുള്ള വാദങ്ങൾ റെയിൽവേ തള്ളുകയായിരുന്നു.
ഫറോക്കിനും വെള്ളയിലിനുമിടയിൽ റെയിൽവേ പാളത്തിൽ അഞ്ചിടത്താണ് ഇവർ സിഗ്നൽ ബോക്സിലെ വയറുകൾ മുറിച്ചുമാറ്റിയത്. പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കി മാറ്റിവെച്ചു. സിഗ്നൽ തകരാറിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ പരിധിയിൽ ചരക്കുവണ്ടികൾ ഉൾപ്പെടെ 13 വണ്ടികൾ വൈകി.
രണ്ടുമണിക്കൂർ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്നൽ സംവിധാനം പൂർവ സ്ഥിതിയിലാക്കിയത്. വിദഗ്ധ പരിശീലനം നേടിയവർക്ക് മാത്രമേ സിഗ്നൽ കമ്പികൾ മുറിച്ചു മാറ്റാൻ കഴിയൂവെന്ന് ആർപിഎഫ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളും പ്രതികൾ ഈ വിഭാഗത്തിലെ ആൾക്കാർതന്നെ എന്നു മനസിലായി.
തുടർന്ന് കോഴിക്കോട് സീനിയർ സെക്ഷൻ എൻജിനീയറോടുള്ള വിരോധം തീർക്കാനാണ് സിഗ്നൽ മുറിച്ചതെന്ന് പ്രതികൾ അന്വേഷേണ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു. യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും മനപ്പൂർവം സിഗ്നൽ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ.
Read Also: മഴ: ആന്ധ്ര, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്






































