കോഴിക്കോട്: അജ്ഞാത ശബ്ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് വാസയോഗ്യമല്ലെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്. ഭൂമിക്കടിയിൽ ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാകുന്നതിനാൽ കെട്ടിടത്തിന്റെ തകർച്ചയ്ക്ക് വരെ കാരണമാകാമെന്നാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, മണ്ണ് താഴ്ന്ന് പോകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് മൂലമാണ് ശബ്ദം കേൾക്കുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്.
അതേസമയം, വീട് വാസയോഗ്യമല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ ദുരന്ത നിവാരണ അതോറിറ്റിക്ക് കത്തയച്ചു. രണ്ട് മാസം മുൻപാണ് പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ നിന്ന് അജ്ഞാത ശബ്ദം കേൾക്കാൻ തുടങ്ങിയത്. തുടർന്ന് ഇവർ വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. നേരത്തെ വിദഗ്ധ സംഘം എത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു.
ഓരോ ദിവസം കഴിയുന്തോറും വീടിനുള്ളിൽ ഉണ്ടാകുന്ന വിള്ളലുകൾ വർധിക്കുകയാണ്. അടുത്ത വീട്ടുകാരുടെ ചുമരുകളിലും വിള്ളൽ വന്നിട്ടുണ്ട്. ഇതോടെ നാട്ടുകാർ ഏറെ ഭീതിയിലാണ്. ഠും ഠും എന്ന മട്ടിൽ മുഴക്കം കേൾക്കുന്നത് പതിവായിരുന്നു. കൂടാതെ, ഡൈനിങ് ഹാളിൽ പാത്രത്തിൽ നിറച്ചു വെച്ച വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു. വീടിന് താഴെ നിൽക്കുമ്പോൾ മുകളിൽ നിന്നും മുകളിൽ നിൽക്കുമ്പോൾ താഴെ നിന്നും കേൾക്കുന്ന തരത്തിലാണ് ശബ്ദം കേട്ടിരുന്നത്.
Most Read: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്








































