വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവാണ് കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയത്. ഈ മാസം നാലിനാണ് പണിയ കോളനിയിലെ ദീപുവിനെ (22) കാർ മോഷ്‌ടിച്ചെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്‌ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്‌റ്റിലായതെന്ന് പോലീസ് പറയുന്നു. എന്നാൽ, കൂലിവേലകൾ ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും യുവാവിനെതിരെ പോലീസ് മനഃപൂർവം കേസ് കെട്ടിച്ചമച്ചതാണെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസിനെതിരെ നാട്ടുകാർ ജില്ലാ കളക്‌ടർക്ക് പരാതി നൽകിയിരിക്കുകയാണ്.
മീനങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ മോഷണ കേസുകളിലും ദീപുവിനെ പ്രതിയാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ 14 ദിവസത്തേക്ക് ദീപു റിമാൻഡിലാണ്. യുവാവിനെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. അതേസമയം, മുഴുവൻ തെളിവുകളോടെയുമാണ് ദീപുവിനെ അറസ്‌റ്റ് ചെയ്‌തതെന്നും യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ബത്തേരി പോലീസ് വ്യക്‌തമാക്കി.
Most Read: തമിഴ്‌നാട്ടിൽ നിന്നും വരവ് കുറഞ്ഞു; സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില






































