മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നിർമിച്ച 14 വീടുകളുടെ സമർപ്പണം നാളെ (2021 നവംബർ 12 വെള്ളിയാഴ്‌ച) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിലമ്പൂരിന് സമീപം കവളപ്പാറയിൽ 2019ലെ പ്രളയ സമയത്ത് സംഭവിച്ച ഉരുൾപൊട്ടൽ ഉൾപ്പടെ പലതരത്തിലുള്ള ജീവിത ദുരന്തങ്ങൾക്ക് ഇരകളായ കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്.
കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) സഹകരണത്തോടെയാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 4 മണിക്ക് കവളപ്പാറയിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരാണ് വീടുകളുടെ സമർപ്പണം നിർവഹിക്കുക.
ചടങ്ങിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിക്കും. പിവി അൻവർ എംഎൽഎ, സയ്യിദ് ഹബീബ് കോയ തങ്ങൾ, അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ഹബീബ് കോയ തങ്ങൾ ജിദ്ദ, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, സിപി സൈതലവി മാസ്‌റ്റർ, വടശ്ശേരി ഹസൻ മുസ്‌ലിയാർ, ഡോ അബ്‌ദുൽ ഹക്കീം അസ്ഹരി, സിഎൻ ജഅഫർ തുടങ്ങിയവർ സംസാരിക്കും; വാർത്താ കുറിപ്പിൽ വ്യക്‌തമാക്കി.
59 പേർ മരിക്കാനിടയായ, നിരവധിപേർ ഭവനരഹിതരായ കവളപ്പാറ ദുരന്തം നടന്ന തൊട്ടടുത്ത ദിവസത്തിൽ സ്‌ഥലം സന്ദർശിച്ച കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ അരക്കോടിയിലധികം വരുന്ന അടിയന്തിര സാമ്പത്തിക സഹായങ്ങളും ശുചീകരണം, പുനരധിവാസം ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
അന്ന് പ്രഖ്യാപിച്ച ഭവന പദ്ധതിക്ക്, നിലമ്പൂർ എംഎൽഎയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയ 76 സെന്റ് സ്‌ഥലത്ത് നിർമിച്ച 14 ഭവനങ്ങളാണ് വിവിധ കുടുംബങ്ങൾക്ക് സമർപ്പിക്കുന്നത്. ഉരുൾപൊട്ടിയ വയനാട് പുത്തുമലയിൽ കഴിഞ്ഞദിവസം 13 വീടുകൾ സംഘടനയുടെ കീഴിൽ സമർപ്പിച്ചിരുന്നു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫ് ഗൾഫ് കൗൺസിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തിലാണ് വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായത്.
കവളപ്പാറയിൽ 14 വീടുകൾ പണിത പ്രദേശത്ത് ഒരു കൾച്ചറൽ സെന്ററും മുഴുവൻ കുടുംബങ്ങൾക്കും പ്രയോജനപ്പെടും വിധം ഒരു ശുദ്ധജല പദ്ധതിയും ഇതിനകം ഉദാരമതികളുടെ പങ്കാളിത്തത്തോടെ സ്‌ഥാപിതമായിട്ടുണ്ട്. കോവിഡ് ദുരിത കാലത്ത് അവശ്യ ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്‌തും, ഐസൊലേഷൻ, ഫസ്‌റ്റ് ട്രീറ്റ്മെന്റ്, കോവിഡ് മരണം തുടങ്ങിയവയിൽ സഹായങ്ങൾ ചെയ്‌തും കേരള മുസ്‌ലിം ജമാഅത്തും പോഷകസംഘടനകളും രംഗത്തുണ്ടായിരുന്നു. രണ്ടു കോടിയോളം രൂപ ചെലവഴിച്ച് മലപ്പുറത്തും വയനാട്ടിലും ഓക്‌സിജൻ പ്ളാന്റുകളുടെ നിർമാണവും സംഘടനക്ക് കീഴിൽ പുരോഗമിക്കുന്നുണ്ട്.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ഇബ്രാഹിം സഖാഫി ചുങ്കത്തറ (ജനറൽ കൺവീനർ, സ്വാഗതസംഘം) റഷീദ് മുസ്‌ലിയാർ മുണ്ടേരി(കൺവീനർ സ്വാഗതസംഘം) എന്നിവർ പങ്കെടുത്തു.
Most Read: സർക്കാരിന്റെ നീക്കം കഫീൽ ഖാനെ ഉപദ്രവിക്കാൻ; പ്രിയങ്ക ഗാന്ധി








































