മലപ്പുറം: 2019ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കവളപ്പാറയിലെ 14 കുടുംബങ്ങൾക്ക് വീടുകൾ സമർപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് പുതിയ ചരിത്രം രചിക്കുകയാണ്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് 14 വീടുകളും ഓൺലൈൻ വഴി നടന്ന ചടങ്ങിൽ അർഹരായവർക്ക് സമർപ്പിച്ചത്.
ദുരിത ബാധിതർക്കാശ്വാസം നൽകേണ്ടത് മുഴുവൻ സമൂഹത്തിന്റേയും ബാധ്യതയാണെന്നും ഈ ബാധ്യത നിർവഹണമാണ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനമൊട്ടാകെ വിവിധങ്ങളായ പ്രയാസഘട്ടങ്ങളിൽ ചെയ്തു വരുന്നതെന്നും കാന്തപുരം സന്ദേശ പ്രസംഗത്തിൽ പറഞ്ഞു.
‘ഇപ്പോൾ കോട്ടയത്തും പരിസരങ്ങളിലും ശുചീകരണം ഉൾപ്പടെയുള്ള ആശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. കഴിഞ്ഞ ദിവസം വയനാട് പുത്തുമലയിൽ ഹർഷം പദ്ധതിയിൽ ഉൾപ്പെടുത്തി 13 വീടുകളും ഇവിടെ 14 എണ്ണവും സമർപ്പിക്കാനായി. ദുരിത ഘട്ടങ്ങളിൽ എല്ലാ വൈജാത്യങ്ങളും മറന്നുള്ള സഹായ ഹസ്തങ്ങളാണ് നമുക്ക് ലഭ്യമാക്കാനായത്. ഈ യോജിപ്പും സഹകരണവും അടിസ്ഥാനമാർഗമായി നാം കാത്ത് സൂക്ഷിക്കണം‘ –ഓൺലൈൻ മുഖേന നടത്തിയ സമർപ്പണ സന്ദേശത്തിൽ കാന്തപുരം വിശദീകരിച്ചു.
കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) സഹകരണത്തോടെയാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. വീടുകളുടെ താക്കോൽ വിതരണത്തിനും അദ്ദേഹം നേതൃത്വം നൽകി. ചടങ്ങ് പിവി അൻവർ എംഎൽഎ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ നീറ്റ് എക്സാമിൽ ഉന്നത റാങ്ക് നേടിയ നുഹ്മാൻ പിടി എന്ന വിദ്യാർഥിയെ ആദരിച്ചു.

ഐസിഎഫ് നാഷണൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് കോയതങ്ങൾ, എസ്ജെഎം സംസ്ഥാന ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി, സംസ്ഥാന സെക്രട്ടറിവണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സിപി സൈദലവി, ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്, ഐസി തോമസ് ഫ്രാൻസിസ്, പരമേശ്വരൻ നമ്പൂതിരി, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി കെപി മിഖ്ദാദ് ബാഖവി, വിഎസ് ഫൈസി വഴിക്കടവ്, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വിഎന്‍ ബാപ്പുട്ടി ദാരിമി, അലവിക്കുട്ടി ഫൈസി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഇബ്രാഹിം സഖാഫി ചുങ്കത്തറ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Most Read: സ്കൂളിൽ വിളിച്ചുവരുത്തി പീഡനം; അധ്യാപകന്റെ പേരെഴുതി വെച്ച് വിദ്യാർഥിനി ജീവനൊടുക്കി






































