പാലക്കാട്: കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച കർഷകനായ അയിലൂർ ഒലിപ്പാറ സ്വദേശി മാണിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായ തുകയിലെ 5 ലക്ഷം രൂപ അടിയന്തരമായി നൽകുന്നതിന് നെൻമാറ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസറുമായുള്ള ചർച്ചയിലാണ് തീരുമാനം ആയത്. ബാക്കി 5 ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് നൽകും.
രമ്യ ഹരിദാസ് എംപി, അയിലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എസ് വിഘ്‌നേഷ്, മംഗലംഡാം ഫെറോന വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ തുടങ്ങിയവർ കളക്‌ടർ മൃൺമയി ജോഷി, ഡിഎഫ്ഒയുടെ ചുമതലയുള്ള നെല്ലിയാമ്പതി റേഞ്ച് ഓഫിസർ വികെ കൃഷ്‌ണദാസ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഇവർ വനംവകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചത്. അയിലൂർ ഒലിപ്പാറ സ്വദേശി മാണിയാണ് (75) മരിച്ചത്. രാവിലെ ടാപ്പിങ്ങിന് പോയപ്പോഴാണ് കർഷകന് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വണ്ടാഴി നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കർഷകൻ മരിച്ചത്.
ജില്ലാ ആശുപത്രിയിൽ പോലീസ് നടപടികൾ പൂർത്തിയാക്കി മാണിയുടെ മൃതദേഹം വെള്ളിയാഴ്‌ച രണ്ടു മണിയോടെ നെൻമാറ വനം ഡിവിഷൻ ഓഫിസിന് മുന്നിലെത്തിച്ചു. മൃതദേഹവുമായി നടത്തിയ പ്രതിഷേധ സമരത്തിനു ശേഷം മൂന്നുമണിയോടെ ഒലിപ്പാറയിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു വെച്ചു.
അയിലൂർ, വണ്ടാഴി ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, പ്രദേശവാസികൾ, കുടുംബാംഗങ്ങൾ, വിവിധ രാഷ്‌ട്രീയ -സാമൂഹ്യ പ്രവർത്തകർ, കർഷക സംഘടനാ ഭാരവാഹികൾ ഉൾപ്പടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് അഞ്ചരയോടെ ഒലിപ്പാറ സെന്റ് പീയൂസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.
Most Read: സംഘ്പരിവാർ ചരിത്രത്തോട് ചതി ചെയ്യുന്നു; പി സുരേന്ദ്രന്‍ എസ്‌വൈഎസ്‍ സ്‌മൃതി സംഗമത്തിൽ






































