സംഘ്പരിവാർ ചരിത്രത്തോട് ചതി ചെയ്യുന്നു; പി സുരേന്ദ്രന്‍ എസ്‌വൈഎസ്‍ സ്‌മൃതി സംഗമത്തിൽ

By Central Desk, Malabar News
Sangh Parivar cheats history; P Surendran at the SYS Smrithi Sangamam
പി സുരേന്ദ്രന്‍ എസ്‌വൈഎസ്‍ സ്‌മൃതി സംഗമത്തിൽ സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: ബ്രിട്ടീഷ് പട്ടാളം വേഷപ്രച്‌ഛന്നരായി മലബാറിലെ ചിലയിടങ്ങളില്‍ മുസ്‌ലിംകളെയും ചിലയിടങ്ങളില്‍ ഹിന്ദുക്കളെയും വധിച്ചതിനു പിന്നില്‍ ഹിന്ദു-മുസ്‌ലിം കലാപവും അധികാരം നിലനിര്‍ത്തുകയെന്നതും മാത്രമായിരുന്നു ലക്ഷ്യം. ഇതിന്റെ പേരില്‍ കൊന്നാര പ്രദേശത്തെ ഹിന്ദുക്കള്‍ നിരപരാധികളാവുമ്പോള്‍ കാവനൂർ പ്രദേശത്തെ മുസ്‌ലിംകള്‍ അപരാധികളാവുന്നത് ശരിയായ നിരീക്ഷണമല്ലെന്നും ഇത് സംഘ്പരിവാര്‍ ചരിത്രത്തോട് ചെയ്യുന്ന ചതിയാണെന്നും പ്രമുഖ സാഹിത്യകാരനും ചരിത്രാന്വേഷിയുമായ പി സുരേന്ദ്രന്‍. മലബാര്‍ സമരത്തെക്കുറിച്ചുള്ള ഒച്ചയനക്കങ്ങള്‍ അസ്‌ഥിത്വത്തിന്റെ അന്വേഷണമാണെന്നും ഇദ്ദേഹം പറഞ്ഞു.

1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്‌മൃതികാലങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി പൂക്കോട്ടൂരില്‍ സംഘടിപ്പിച്ച മലബാര്‍ സമര സ്‌മൃതി സംഗമം ഉൽഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് പി സുരേന്ദ്രന്റെ നിരീക്ഷണം.

സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ ചരിത്ര പുസ്‌തകങ്ങളിൽ നിന്നും അടര്‍ത്തിമാറ്റുക വഴി രാജ്യത്ത് വിഷം കലര്‍ത്തുകയാണ് ഫാസിസത്തിന്റെ ലക്ഷ്യമെന്നും മനുഷ്യമനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സ്വാതന്ത്ര്യ സമര ഓര്‍മകളെ ഊതിക്കെടുത്താന്‍ ഇത്തരം വേലകള്‍ക്ക് സാധിക്കില്ലെന്ന് എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി എം അബൂബക്കറും തന്റെ വിഷയാവതരണ പ്രസംഗത്തിൽ വ്യക്‌തമാക്കി.

ബ്രിട്ടീഷുകാര്‍ എഴുതിവെച്ച ചരിത്രങ്ങളില്‍ പലയിടത്തും വസ്‌തുതകളെ വളച്ചൊടിച്ചിട്ടുണ്ടെന്നും അതിനാല്‍ പുരാതന രേഖകളിലെ ഓരോ വാക്കുകളും സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്നും മലബാര്‍ സമരത്തിന്റെ സ്‌മൃതി സംസാരങ്ങള്‍ പൈതൃകത്തിന്റെ പുനരുജ്‌ജീവനമാണെന്നും ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി ശിവദാസന്‍ പറഞ്ഞു.

Sangh Parivar cheats history; P Surendran at the SYS Smrithi Sangamamനിരപരാധികളായ ഒരുത്തരെയും വാരിയംകുന്നത്തും സംഘവും അക്രമിച്ചിട്ടില്ലെന്നും അപരാധികളെ മത വിവേചനമില്ലാതെ ശിക്ഷിച്ചിരുന്നുവെന്നും നിരപരാധികളായ പല ഹിന്ദുക്കളെയും ഖിലാഫത്ത് നേതൃത്വം ശിക്ഷിക്കാതെ വിട്ടയച്ചെന്നും ചരിത്ര എഴുത്തുകാരൻ ഗംഗാധരന്റെ പഠനത്തില്‍ പ്രസ്‌താവിക്കുന്നുണ്ടെന്നും ചരിത്രത്തിന്റെ പുനര്‍വായന ഏറ്റവും വലിയ പോരാട്ടമാണെന്നും പിഎ സലാം പൂക്കോട്ടൂര്‍ പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അബൂബക്കര്‍ അല്‍ ഐദ്രൂസി പ്രാർഥന നിർവഹിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്ഹാഖ്, കരുവള്ളി അബ്‌ദുറഹീം, പിപി മുജീബ് റഹ്‌മാൻ, സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, അഹ്‌മദലി കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്‌വൈഎസ്‍ സോണ്‍ സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ പ്രമേയാവതരണം നടത്തി. മാസ്‌റ്റർ അസദ് പൂക്കോട്ടൂര്‍, മുബശിര്‍ പെരിന്താറ്റിരി എന്നിവര്‍ സമരപ്പാട്ടിന് നേതൃത്വം നല്‍കി.
Sangh Parivar cheats history; P Surendran at the SYS Smrithi Sangamam

എസ്‌വൈഎസ്‍ പാസാക്കിയ പ്രമേയം

മലബാര്‍ സമര പോരാളികളുടെ ചരിത്രം പൂര്‍ണമായും പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തുക, റിസര്‍ച്ച് സെന്റര്‍ സ്‌ഥാപിക്കുക, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഖിലാഫത്ത് സ്‌റ്റഡി ചെയര്‍ ആരംഭിക്കുക, സ്ട്രീറ്റുകള്‍ക്ക് പോരാളികളുടെ പേര് നല്‍കി അവരുടെ സ്‌മരണ നിലനിര്‍ത്തുക, ഉചിതമായ സ്‌മാരകം സ്‌ഥാപിക്കുക എന്നിവയാണ് എസ്‌വൈഎസ്‍ പാസാക്കിയ പ്രമേയം ഉന്നയിക്കുന്ന ആവശ്യങ്ങൾ.

Most Read: ഹബീബ്‌ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; പ്രഗ്യാ സിംഗ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE