കാസർഗോഡ്: ജില്ലയിൽ ഇന്നും നാളെയും അതി ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്‌തമായ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് ചന്ദ് അറിയിച്ചു.
ജില്ലാ-താലൂക്കുതല കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമായ ഘട്ടത്തിൽ സഹായം എത്തിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഭൂജല വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്‌ഥർ നടത്തിയ സംയുക്‌ത പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ വില്ലേജിലെ ബളാൽ-രാജപുരം റോഡിലെ താഴ്ന്ന സ്‌ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതായും ശക്‌തമായ മഴ പെയ്‌താൽ ഇവിടെയുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. 2020 ൽ മണ്ണിടിച്ചിൽ ഉണ്ടായ സ്‌ഥലമാണിത്. ഇത് കൂടാതെ, നമ്പിയാർമല വാർഡ് ആറ്, ബെളൂർ പഞ്ചായത്തിലെ വാർഡ് ഏഴ്, ഈസ്‌റ്റ് എളേരി, കള്ളാർ നീലിമല, പെരിങ്കയം, പനത്തടി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മണ്ണിടിച്ചിൽ സാധ്യത ഉള്ളതായും പട്ടികയിലുണ്ട്.
Most Read: ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു









































