തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കാൻ കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി. അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപകമായി മഴ ലഭിക്കും. അറബിക്കടലിലെ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമാണ് കനത്ത മഴ തുടരാൻ കാരണം.
സംസ്‌ഥാനത്ത് വരുന്ന രണ്ടുദിവസം കൂടിയെങ്കിലും ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്‌ച വരെ പരക്കെ മഴയ്‌ക്കും സാധ്യതയുണ്ട്. അതിശക്‌തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്.
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപിന് സമീപം നിലനിൽക്കുന്ന ന്യൂനമർദ്ദം കൂടുതൽ തീവ്രത കൈവരിച്ച് തമിഴ്‌നാട്, ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ്. കൂടാതെ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഗോവ, മഹാരാഷ്‌ട്ര തീരത്തിനടുത്ത് ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ആവർത്തിക്കുന്ന ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴികളുമാണ് കേരളത്തിൽ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ അസാധാരണ മഴയ്‌ക്ക് കാരണമായത്.
ഒക്‌ടോബർ ഒന്ന് മുതൽ നവംബർ 14 വരെയുള്ള കാലയളവിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ നൂറുശതമാനം അധികം മഴയാണ് പെയ്‌തത്. 401 മില്ലീ മീറ്റർ മഴ കിട്ടേണ്ടിടത്ത് 804 മില്ലീ മീറ്റർ മഴ ലഭിച്ചു. പത്തനംതിട്ടയിൽ 184 ശതമാനവും ഇടുക്കിയിൽ 108 ശതമാനവും അധികം മഴ ലഭിച്ചു. മിക്കവാറും എല്ലാ ഡാമുകളും നിറഞ്ഞ അവസ്‌ഥയിലാണ്. ഇടുക്കി, ആനയിറങ്ങൽ, പൊൻമുടി, കുണ്ടള, ലോവർ പെരിയാർ, മൂഴിയാർ സംഭരണികളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചു






































