ഇരിട്ടി: ആറളം ഫാമിന് അനുവദിച്ച 22 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ സംവിധാനം ഏതാകണം എന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. ആനമതിൽ നിർമിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. മറ്റ് പ്രതിരോധ സംവിധാനങ്ങൾ വേണോ എന്നറിയാൻ ഫാമിൽ വീണ്ടും വിദഗ്‌ധ സംഘം പരിശോധന നടത്തി.
മൂന്ന് വർഷം മുൻപ് ആനമതിൽ നിർമിക്കുന്നതിനായി ഫണ്ട് അനുവദിച്ചെങ്കിലും എന്ത് മാർഗം സ്വീകരിക്കണമെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. ആനമതിൽ- റെയിൽവേ വേലി പദ്ധതിക്ക് സമാനമായ മറ്റ് ആനപ്രതിരോധ മാർഗങ്ങൾ ഉണ്ടോ എന്നറിയാൻ വനം, പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ ഉന്നതതല സംഘം പരിശോധന നടത്തി.
ഫാമിലെ പുനരധിവാസ മേഖലയെയും ഫാമിനെയും സംരക്ഷിക്കുന്ന വിധം ആനമതിൽ ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു.
ആനമതിലിനൊപ്പം മറ്റ് പ്രതിരോധ മാർഗങ്ങളും ഫലപ്രദമാണോ എന്ന് പ്രദേശത്തിന്റെ ഭൂമിശാസ്‌ത്ര പരമായ പ്രത്യേകതകളും മറ്റും മനസിലാക്കി റിപ്പോർട് നൽകാനാണ് നിർദ്ദേശിച്ചത്. തുടർന്ന് വനം- വന്യജീവി വിഭാഗം ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ കെവി ഉത്തമന്റെ നേതൃത്വത്തിൽ മേഖലയിൽ വിശദമായ പരിശോധന നടത്തി. രണ്ടാഴ്‌ചക്കകം പരിശോധനാ റിപ്പോർട് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Also Read: ബിനീഷിനെതിരെ തെളിവില്ല, സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ല; ഹൈക്കോടതി




































