വയനാട്: പച്ചിലക്കാട് ടൗണിലെ ഹൈമാസ്‌റ്റ് ലൈറ്റ് പണിമുടക്കിയിട്ട് ആറുമാസം പിന്നിടുമ്പോഴും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ആറു മാസം മുമ്പ് ഇടിമിന്നലിലാണ് വിളക്കുകൾ പൂർണമായും കേടായത്. ഇതോടെ നേരം ഇരുട്ടിയാൽ കൽപ്പറ്റ, മാനന്തവാടി, മീനങ്ങാടി റോഡുകൾ കൂടിച്ചേരുന്ന പച്ചിലക്കാട് ടൗൺ ഇരുട്ടിലാകും.
കഴിഞ്ഞ ഫെബ്രുവരിയിൽ കത്താതെയായ വിളക്ക് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടാഴ്‌ചക്ക് ശേഷമാണ് നന്നാക്കിയത്. മാസങ്ങൾ പിന്നിടുന്നതിന് മുൻപ് വീണ്ടും വിളക്ക് പണിമുടക്കിയത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്.
ആറു വിളക്കുകൾ ഉള്ളതിൽ ഒരെണ്ണം പോലും തെളിയാത്ത അവസ്‌ഥയാണ്. തെരുവു വിളക്കുകളും മിക്കതും പണിമുടക്കിയിട്ട് മാസങ്ങളായി. ഇതോടെ അങ്ങാടിയിലാകെ ഇരുട്ടാണ്.
ഏഴുവർഷം മുമ്പാണ് ടൗണിൽ ഹൈമാസ്‌റ്റ് വിളക്ക് സ്‌ഥാപിച്ചത്. ഒരുവർഷത്തിന് ശേഷം കേടുപാടുകൾ പതിവായി. രണ്ടുവർഷം മുമ്പും വിളക്കുകൾ പൂർണമായും കത്താതായിരുന്നു. അന്ന് നാട്ടുകാർ ഹൈമാസ്‌റ്റിന് ചുറ്റും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയത്.
Most Read: നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; ഗോവൻ മദ്യവും പിടികൂടി








































