കണ്ണൂർ: 2018ലെ പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചയത്തിലെ പാറയ്ക്കാമല-പുല്ലൻപാറത്തട്ട് റോഡിൽ തോടിന് കുറുകെയുള്ള പാലം നിർമാണം അന്തിമ ഘട്ടത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറ ഇടിച്ചിറങ്ങിയാണ് പാലം പൂർണമായും തകർന്നത്. തുടർന്ന് പ്രദേശം ഒറ്റപ്പെട്ടതോടെ ദുരന്തനിവാരണ സേന താൽക്കാലിക പാലം നിർമിച്ചിരുന്നു. ഇതിലൂടെയാണ് കഴിഞ്ഞ 3 വർഷക്കാലമായി പ്രദേശവാസികൾ കാൽനട യാത്ര സാധ്യമാക്കിയിരുന്നത്.
പ്രദേശത്തുള്ള 100ഓളം കുടുംബങ്ങളിൽ 60ഓളം കുടുംബങ്ങളും പാലം നിത്യവും ഉപയോഗിച്ചിരുന്നു. പാലം പൂർണമായും തകർന്നതോടെ കഴിഞ്ഞ 3 വർഷമായി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചിരുന്നു. പ്രളയ പുനർനിർമാണ പ്രവർത്തനത്തിൽ ജില്ലയിൽ ആദ്യം പൂർത്തിയാക്കേണ്ട പദ്ധതിയായിട്ടും പാലത്തിന്റെ നിർമാണം ആരംഭിക്കാത്തതും മറ്റും വാർത്തയായിരുന്നു. തുടർന്നാണ് കഴിഞ്ഞ 6 മാസം കൊണ്ട് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് പൂർത്തിയായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിർമാണം പൂർത്തിയാക്കുന്നത്.
Read also: വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; വയനാട്ടിൽ സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്തു








































