കാസർഗോഡ്: കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് ശാഖയിൽ നിന്ന് കവർന്ന സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി. കവർച്ചക്കാരിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണം കേസ് വിസ്‌താരം പൂർത്തിയാകുന്നതിന് മുൻപ് ഉടമകൾക് തിരികെ കൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിദിനം 20 പേർക്ക് വീതം ടോക്കൺ നൽകിയാണ് സ്വർണം തിരികെ കൊടുക്കുന്നത്. 2015 സെപ്റ്റംബർ ഏഴിന് ഉച്ചയ്‌ക്കാണ് കവർച്ചാ സംഘം ബാങ്കിലെത്തി തോക്കുചൂണ്ടി ജീവനക്കാരെ ബന്ധികളാക്കി വൻ കവർച്ച നടത്തിയത്. 17.68 കിലോ സ്വർണാഭരണങ്ങളും പന്ത്രണ്ടര ലക്ഷം രൂപയുമാണ് കവർച്ച നടത്തിയത്.
തുടർന്ന് രണ്ടാഴ്‌ചക്കകം പോലീസ് പ്രതികളെ സ്വർണാഭരണങ്ങൾ സഹിതം പിടികൂടിയിരുന്നു. പിന്നീട് കോടതിയിൽ സമർപ്പിച്ച തൊണ്ടിമുതൽ വീണ്ടെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു. 905 ഇടപാടുകാരുടെ സ്വർണമാണ് കേസിൽപ്പെട്ട് കിടന്നിരുന്നത്. തുടർന്ന്, 2018 ൽ പ്രശ്‌ന പരിഹാരത്തിനായി ബാങ്ക് അധികൃതർ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കാസർഗോഡ് അഡീഷണൽ കോടതിയുടെ വിധി അനുകൂലമായിരുന്നില്ല.
ഇതോടെയാണ് പ്രശ്‌നം ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ ജൂലൈ 16ന് പണവും സ്വർണവും ഉൾപ്പടെയുള്ള തൊണ്ടിമുതലുകൾ കോടതിയിൽ നിന്ന് നിരുപാധികം വിട്ടുകിട്ടാനുള്ള ഉത്തരവാണ് ബാങ്ക് അധികൃതർ നേടിയത്. അതേസമയം, കേസിന്റെ വിചാരണ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. മോഷണം പോയതിൽ രണ്ട് കിലോ സ്വർണം കൂടി കണ്ടത്തേണ്ടതുണ്ട്. ഇതിന്റെ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകാനാണ് ബാങ്കിന്റെ തീരുമാനം.
Most Read: തൃശൂരിലെ 15 സഹകരണ ബാങ്കുകളിൽ കൂടി ക്രമക്കേട്; അന്വേഷണം ആരംഭിച്ചു






































