പട്‌ന: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഭാഗ്യസമ്മാന നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. വെള്ളിയാഴ്‌ച മുതൽ ഡിസംബർ 31ആം തീയതി വരെ വാക്‌സിൻ എടുക്കുന്ന ആളുകൾക്കാണ് സമ്മാന പദ്ധതിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. സംസ്‌ഥാനത്തെ കതിഹാറിൽ വാക്‌സിൻ വിമുഖത കാട്ടിയ ജനങ്ങളെ ആകർഷിക്കാൻ വാർഡ് കൗൺസിലർ മൻസൂർ ഖാൻ ആവിഷ്‌കരിച്ച സമ്മാന കൂപ്പൺ പദ്ധതി വിജയിച്ചതിനെ തുടർന്നാണ് ഇത് സംസ്‌ഥാന തലത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത്.
ടിവി, റഫ്രിജറേറ്റർ, മിക്‌സർ ഗ്രൈൻഡർ, സീലിങ് ഫാൻ തുടങ്ങി കമ്പിളിപ്പുതപ്പ് വരെയാണ് സമ്മാനങ്ങൾ. ബ്ളോക്ക് തലത്തിൽ എല്ലാ ആഴ്‌ചയും നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിക്കും. ജില്ലാ തലത്തിൽ എല്ലാ ആഴ്‌ചയും 2,670 പേർക്ക് ബംപർ സമ്മാനങ്ങളും 26,700 പേർക്ക് സമാശ്വാസ സമ്മാനങ്ങളും ഉണ്ടായിരിക്കും.
വർഷാവസാനത്തോടെ സംസ്‌ഥാനത്തെ 18 വയസ് തികഞ്ഞ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജനങ്ങളെ ആകർഷിക്കുന്നതിന് വേണ്ടി ഇപ്പോൾ സമ്മാന പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Read also: മുടി മുറിച്ച സംഭവം; എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ജാമ്യമില്ലാ കേസ്







































