വയനാട്: ജില്ലയിലെ ബത്തേരി ടൗണിലേക്ക് മതിൽ ചാടിക്കടന്ന് ആനകളും കടുവകളും എത്തുന്നത് ഭീതി സൃഷ്‌ടിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപം ബത്തേരി-പുൽപള്ളി റോഡിൽ വനാതിർത്തിക്ക് സമീപം വനംവകുപ്പ് സ്‌ഥാപിച്ച കൻമതിൽ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം നാട്ടിലേക്കിറങ്ങുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂന്ന് തവണ കാട്ടാനകളും, കഴിഞ്ഞ വ്യാഴാഴ്‌ച കടുവയും ഇതുവഴി നാട്ടിലിറങ്ങി.
മതിലുചാടി എത്തിയ കാട്ടാനകൾ ഇതുവരെ കൃഷിനാശം ഉണ്ടാക്കിയിട്ടില്ലെങ്കിലും യാത്രക്കാർക്ക് ഭീഷണി ആകുന്നുണ്ട്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ വലിയ കൊമ്പനാനയുടെ മുന്നിലകപ്പെട്ട ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. നാട്ടിലിറങ്ങിയ ആനയെ നാട്ടുകാർ തന്നെയാണ് കാട്ടിലേക്ക് തുരത്തിയത്. സഹായത്തിനായി വനംവകുപ്പ് അധികൃതർ എത്തിയില്ലെന്ന് പരാതി ഉയരുന്നുണ്ട്.
കൂടാതെ മതിൽ കടന്നെത്തുന്ന കടുവകൾ വളർത്തു മൃഗങ്ങളെ കൊല്ലുന്നത് വ്യാപകമായിട്ടുണ്ട്. ജനവാസ മേഖലയിൽ കടുവയുടെ സാനിധ്യം സ്‌ഥിരമാകുന്നത് ആളുകളിൽ ഭീതി നിറക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിനായി ഇവിടുത്തെ മതിലിന്റെ ഉയരം വർധിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നത്.
Read also: മോഡലുകളുടെ മരണം; പ്രതി സൈജുവിന്റെ മൊബൈൽ ദൃശ്യങ്ങളിലുള്ളവരെ ചോദ്യം ചെയ്യുന്നു








































