ന്യൂഡെൽഹി: ജമ്മു കശ്മീരിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നുമാണ് ഭീകരൻ പിടിയിലായത്. സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലെ പെൽസാനിഗാം ബീർവയിൽ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കരസേനയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരൻ പിടിയിലാകുന്നത്. ബുദ്ഗാമിലെ പോഷ്കർ മേഖലയിൽ ഭീകരരുടെ കടന്നുക്കയറ്റത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു.
ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് പിസ്റ്റൾ ബുളളറ്റുകൾ, ഒരു ചൈനീസ് ഗ്രനേഡ് ഉൾപ്പെടെയുളളവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി മുതൽ ഇയാൾ ലഷ്കർ-ഇ-തൊയ്ബയുടെ ഭാഗമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Must Read: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു








































